അരുൺ ബോസിന്റെ ചിത്രത്തിൽ ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും
അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് , ശ്രുതി രാമചന്ദ്രൻ എന്നിവർ നായകി നായകൻമാരായി അഭിനയിക്കുന്നു.ടൊവിനോ തോമസ് ചിത്രം ലൂക്ക , റിലീസിന് ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ബോസ് . സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് മറ്റ് താരങ്ങൾ. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 22 എന്ന് താത്കാലികമായി പേരിട്ട ചിത്രം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ബിജുമേനോൻ നായകനായ ഒരായിരം കിനാക്കൾ എന്ന ചിത്രത്തിന്റെ സംവിധായകനും മഞ്ജു വാര്യർ ചിത്രം ലളിതം സുന്ദരത്തിന്റെ തിരക്കഥാകൃത്തുമായ പ്രമോദ് മോഹനാണ് രചന. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ഷാജിലാൽ പി.വിയും സംവിധായകൻ അരുൺ ബോസും ചേർന്നാണ് .വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം
പി.ആർ. ഒ പി. ശിവപ്രസാദ്.അതേസമയം ജെകെ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ നായികമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ.മധുരം ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ശ്രുതി ചിത്രം. ഭീഷ്മപർവ്വത്തിലൂടെ ശ്രദ്ധേയയായ അനഘ ആണ് ജെകെ ചിത്രത്തിൽ മറ്റൊരു നായിക.