ഖാദി തൊഴിലാളി സമരം 10 ദിവസം പിന്നിട്ടു
Thursday 02 March 2023 12:00 AM IST
തൃശൂർ: മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും കിട്ടാത്തതിൽ പ്രതിഷേധിച്ച് ഖാദി തൊഴിലാളികൾ കളക്ടറേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല റിലേ നിരാഹാരം 10 ദിവസം പിന്നിട്ടു. ഖാദി തൊഴിലാളികളോട് സർക്കാർ നീതി പുലർത്താത്തത് ക്രൂരതയാണെന്ന് ഇന്നലെ സമരം ഉദ്ഘാടനം ചെയ്ത ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. മിനിമം കൂലി പതിനാല് മാസമായി നൽകിയിട്ടില്ല. യാൺ ഇൻസന്റീവും കുടിശ്ശികയാണ്. ഖാദി വർക്കേഴ്‌സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിലാണ് സമരം. യൂണിയൻ ജില്ല പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, എം.പി. വത്സല, സി.കെ. ലളിത, എം. ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.