ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പി.കെ കൃഷ്ണദാസ് സന്ദർശിച്ചു
ചിറയിൻകീഴ്: അമൃത് ഭാരത് പദ്ധതി പ്രകാരം തിരഞ്ഞെടുത്ത ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സന്ദർശിച്ചു. 12 കോടി രൂപയുടെ വികസനമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നടക്കാൻ പോകുന്നതെന്ന് കൃഷ്ണദാസ് അറിയിച്ചു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ അടഞ്ഞുകിടന്ന സ്ത്രീകളുടെ വിശ്രമമുറി ചെയർമാന്റെ ഇടപെടൽ മൂലം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി തുറക്കുക, ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിക്കുക, ചിറയിൻകീഴ് - ശാർക്കര റെയിൽവേ സ്റ്റേഷൻ എന്ന് പേര് മാറ്റുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സരസ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളായ ശിവദാസൻ നായർ, സത്യദാസ്, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രധിനിധികളായ അഡ്വ.ഗോപിനാഥൻ, കേരജം ഗോപകുമാർ, രാജശേഖരൻ, ദിനേശ് തുടങ്ങിയവർ നിവേദനം നൽകി. റെയിൽവേ സ്റ്റേഷനിലെത്തിയ ചെയർമാനെ വിവിധ സംഘടനകൾ ഷാളണിയിച്ച് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണദാസിനെ സ്വീകരിച്ചു. അടിസ്ഥാന വികസനത്തിന് വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരന് നൽകിയ നിവേദനത്തെ തുടർന്ന് നൽകിയ സഹകരണത്തിനും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനും യോഗം നന്ദി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, ജില്ലാനേതാക്കളായ ബാലമുരളി, രമേശ് എസ്.കെ.പി, മണ്ഡലം നേതാക്കളായ, സന്തോഷ് മേടയിൽ, സന്തോഷ് നാലുമുക്ക്, രാഖി എസ്.എച്ച്, വിനു, വിജയകുമാർ എന്നിവർ പങ്കെടുത്തു.