സി.പി.എം ജനകീയ പ്രതിരോധ ജാഥ തൃശൂരിലേക്ക്; വരവേൽക്കാൽ ഒരുക്കങ്ങൾ പൂർണം

Thursday 02 March 2023 12:00 AM IST

4, 5, 6 തീയതികളിൽ ജാഥ തൃശൂരിൽ

തൃശൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ 4, 5, 6 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. നാലിന് രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയിൽ നേതാക്കൾ ജാഥയെ സ്വീകരിക്കും. തുടർന്ന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ചെറുതുരുത്തിയിൽ രാവിലെ പത്തിന് നടക്കും. 11ന് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തും വൈകീട്ട് മൂന്നിന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്തും നാലിന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തെ ഗ്രൗണ്ടിലും വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളുടെ സ്വീകരണം നടക്കും. തുടർന്ന് അഞ്ചിന് ആദ്യ ദിവസത്തെ പര്യടനം തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളുടെ നേതൃത്വത്തിലാണ് നഗരത്തിലെ സ്വീകരണം. അഞ്ചിന് രാവിലെ പത്തിന് പുവ്വത്തൂർ, 11ന് ചേർപ്പ് മഹാത്മ മൈതാനം, മൂന്നിന് മതിലകം സെന്റർ, വൈകീട്ട് നാലിന് മാള ടൗൺ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് സമാപന പൊതുസമ്മേളനം നടക്കും.

ആറിന് രാവിലെ പത്തിന് പുതുക്കാട് മണ്ഡലത്തിലെ സ്വീകരണം നന്തിക്കരയിൽ ഏറ്റുവാങ്ങിയ ശേഷം പതിനൊന്നിന് ചാലക്കുടിയിൽ ജില്ലയിലെ പര്യടനം സമാപിച്ച ശേഷം വൈകീട്ട് ഏറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ എൻ.ആർ. ബാലൻ, കെ.വി. അബ്ദുൾ ഖാദർ, പി.കെ. ഡേവിസ് മാസ്റ്റർ, ടി.കെ. വാസു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരോ പൊതുസമ്മേളനങ്ങളിലും പതിനായിരത്തിലധികം പേർ പങ്കെടുക്കും. ജാഥയെ വരവേൽക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായി. ജാഥയുടെ ഭാഗമായി വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

- എം.എം. വർഗീസ്, ജില്ലാ സെക്രട്ടറി