തിരി തെളിഞ്ഞു കലാ യൗവനം ബ്രണ്ണനിൽ

Wednesday 01 March 2023 9:04 PM IST

തലശ്ശേരി: അഞ്ചു ദിവസങ്ങൾ നീളുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന് ബ്രണ്ണൻ കോളേജിൽ തിരി തെളിഞ്ഞു.വിവിധ ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരക്കും. ആദ്യ രണ്ടു ദിവസങ്ങളിൽ സ്റ്റേജിതര മത്സരങ്ങൾ നടക്കും.
കവി മുരുകൻ കാട്ടാക്കട കലോത്സവം ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ കെ സാരംഗ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.സി ബാബു രാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ടി.ചന്ദ്രമോഹൻ, ഡോ.കെ.ശ്രീജിത്ത്, ഡോ.രാഖി രാഘവൻ, സർവകലാശാല ഡി.എസ്.എസ് ഡോ.നഫീസ ബേബി, സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹീന്ദ്രൻ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു.
യൂണിയൻ ജോയിന്റ് സെക്രട്ടറി അശ്വതി അമ്പലത്തറ സ്വാഗതവും സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറി വൈഷ്ണവ് നന്ദിയും പറഞ്ഞു.

രേണുക ചൊല്ലി സദസിനെ കൈയിലെടുത്ത് കവി

സർവ്വകലാശാലാ കലോത്സവം ഉദ്ഘാടനം ചെയ്ത കവി മുരുകൻ കാട്ടാക്കട പാടിയ രേണുക സദസിനെ പിടിച്ചിരുത്തി. കവിത തുളുമ്പും വാക്കും മധുരം കിനിയും കവിതകളും കൊണ്ട് പ്രണയവും, വിപ്ലവവും, സമകാലീന പരിസരങ്ങളും കോർത്ത് വച്ചായിരുന്നു മുരുകന്റെ പ്രഭാഷണം.
ഇനി എത്രകാലം യൂണിയൻ പ്രവർത്തനം ഉണ്ടാകുമേന്നോ, കലാ പ്രവർത്തനം സ്വതന്ത്രമായി നടത്താൻ കഴിയുമെന്നോ പറയാൻ കഴിയാത്ത തരത്തിൽ നാട് മാറുകയാണെന്ന ആശങ്കയും പ്രസംഗത്തിൽ മുരുകൻ പങ്കുവച്ചു. സ്ഒരു രാജ്യം ഒരു ഭാഷ , ഒരു മതം , ഒരു ഭക്ഷണ രീതി എന്നിങ്ങനെ എല്ലാം ഏകാധിപത്യപരമായ ഏകത്വത്തിലേക്ക് കൊണ്ട് വരാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന വർത്തമാന കാലത്തിലാണ് ഈ കലോത്സവം നടക്കുന്നതെന്നും കവി ചൂണ്ടിക്കാട്ടി.
കലോത്സവത്തെ വലിയ സാംസ്‌ക്കാരിക സംഗമമായാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement