ഇൻഷ്വറൻസ് തട്ടിപ്പ് : വിജയനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച്

Thursday 02 March 2023 12:14 AM IST

 തട്ടിപ്പിന് കൂട്ടുനിന്ന പൊലീസുകാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: വാഹനാപകടങ്ങളുടെ മറവിൽ പൊലീസും അഭിഭാഷകരും ചേ‌ർന്ന് നടത്തിയ ഇൻഷ്വറൻസ് തട്ടിപ്പിൽ വ്യാജമായി കേസുകൾ ചാർജ് ചെയ്യാൻ കൂട്ടുനിന്ന പൊലീസ് ഓഫീസർമാർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മ്യൂസിയം,മംഗലപുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ വ്യാജമായി പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥർക്കെതിരായാണ് അന്വേഷണം. ഇവരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഉടൻ വിളിപ്പിക്കും.

അതേസമയം കേസിൽ കഴി‌ഞ്ഞദിവസം അറസ്റ്റിലായ ഇടനിലക്കാരൻ അയിരൂർ സ്വദേശി വിജയനെ ആറ്രിങ്ങൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്രൊരു ഇൻഷ്വറൻസ് തട്ടിപ്പുകേസിൽ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചു. ഇൻഷ്വറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളുൾപ്പെടെ പലതും വ്യാജമായി ചമച്ചതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പാരിപ്പള്ളിയിൽ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡി.ടി.പി സെന്ററിലാണ് ഇവ തയ്യാറാക്കിയതെന്നാണ് വിവരം.

എന്നാൽ കേസിലുൾപ്പെട്ട ചില അഭിഭാഷകരുടെയും പൊലീസുകാരുടെയും ഉപദേശപ്രകാരം ഇയാൾ ഡി.ടി.പി സെന്റർ നിറുത്തലാക്കിയശേഷം അവിടെ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിജയനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.