കിഫ്ബി ഫണ്ട് 279 കോടി അനുവദിച്ചു, വനിതാ ശിശു ബ്ലോക്കിന് വീണ്ടും പ്രതീക്ഷ

Wednesday 01 March 2023 9:18 PM IST
മെഡിക്കൽ കോളേജിൽ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ച വനിത-ശിശു ബ്ലോക്കിന്റെ മാതൃക

കിഫ്ബി ഫണ്ടിൽ നിന്ന് 279 കോടി അനുവദിച്ചു

തൃശൂർ: ഭരണാനുമതി ലഭിച്ച് നാലു വർഷം പിന്നിട്ട മെഡിക്കൽ കോളേജിലെ മാതൃശിശു സമുച്ചയം പദ്ധതിക്ക് വീണ്ടും പ്രതീക്ഷ. നിർമ്മാണത്തിന് 279 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചതോടെയാണ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ ചികിത്സ രംഗത്ത് ഏറെ ഗുണകരമാകുന്ന ബ്ലോക്ക് നിർമ്മിക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. 2019ൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ ശിശു ബ്ലോക്ക്.
നിർമ്മാണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും കൊവിഡും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. കിഫ്ബി വഴി മറ്റ് ഫണ്ടുകളും മെഡിക്കൽ കോളേജിന് അനുവദിച്ചെങ്കിലും ഇതുമാത്രം ലക്ഷ്യം കണ്ടില്ല. എന്നാൽ കഴിഞ്ഞ ദിവസമാണ് തുക അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

ഉടൻ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ ഏഴു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് ചികിത്സ തേടിയെത്തുന്ന നൂറുക്കണക്കിന് പേർക്ക് വിദഗ്ദ്ധ ചികിത്സ ഇതിലൂടെ ലഭ്യമാകും.
നവജാത ശിശുകളുടെ മരണവും ഗർഭചികിത്സാ സൗകര്യങ്ങളും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്ന അട്ടപ്പാടിയിലുള്ളവർക്കും ഏറെ ഗുണകരമാകും. മാതൃ, ശിശു വിഭാഗത്തിലെ എല്ലാവിധ ചികിത്സയും ഇവിടെയുണ്ടാകും. മുൻ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനിടെ കൊവിഡും സാമ്പത്തിക പ്രതിസന്ധിയും വന്നതോടെ പദ്ധതി പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

നിർമ്മിക്കുന്ന സ്ഥലം

പുതിയ മെഡിക്കൽ കോളേജിനും അടുത്ത് നഴ്‌സിംഗ് കോളേജിന്റെ എതിർ വശത്താണ് കെട്ടിടം നിർമ്മിക്കുന്നത്.


അനുവദിച്ച തുക

279 കോടി

നിർമ്മാണച്ചുമതല

ഇൻകൽ

സൗകര്യങ്ങൾ

450 കിടക്കകൾ
നിയോനെറ്റോളജി
ആധുനിക ഓപറേഷൻ തിയറ്റർ
ലേബർ റൂം
ശിശു ഓപറേഷൻ തിയറ്റർ
ഒപി, ലേബർ റൂം
നവജാത ശിശുരോഗ സ്‌പെഷ്യാലിറ്റി ക്ലിനിക്ക്
എം.സി.ഐ നിബന്ധനകൾക്ക് അനുസൃതമായ പാഠ്യവിഭാഗങ്ങൾ