വില കുത്തനേ കൂട്ടി : ₹50 ഗാർഹിക സിലിണ്ടർ, ₹351 വാണിജ്യം,​ ഗ്യാസിൽ തൊടല്ലേ പട്ടിണിയാവും

Thursday 02 March 2023 4:57 AM IST

കൊച്ചി: ഗാർഹിക, വാണിജ്യ പാചക വാതക വില കുത്തനേ കൂട്ടിയതോടെ കുടുംബ ബഡ്ജറ്റിന്റെ ഭാരം കൂടിയതിനൊപ്പം ഹോട്ടൽ ഭക്ഷണ വില ഉയരാനും വഴിതുറന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഇന്നലെ കൂട്ടിയത്.

അഞ്ചു മുതൽ 10 വരെ ശതമാനം വിലവർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് കൊച്ചിയിലെ ഹോട്ടലുടമകൾ പറയുന്നു.

തിരുവനന്തപുരത്ത് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് പുതിയ വില 1112 രൂപ. (5 ശതമാനം ജി.എസ്.ടിയും വിതരണക്കാരന്റെ കൂലിയും ഇതിനു പുറമേ)​. വാണിജ്യ സിലിണ്ടറിന് 2,​124 രൂപ (18 ശതമാനം ജി.എസ്.ടി പുറമേ)​.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിലുണ്ടായ വർദ്ധന ഇരട്ടിയോളമാണ്. 2020 മേയിൽ വില 589 രൂപയായിരുന്നു. ഇപ്പോൾ 1112 രൂപ. 2020 മേയിൽ അവസാനിപ്പിച്ച ഗ്യാസ് സബ്സിഡി കേന്ദ്രം പുഃസ്ഥാപിച്ചിട്ടുമില്ല.

അതേസമയം,​ പുതുവർഷത്തിൽ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. ജനുവരി ഒന്നിന് 25 രൂപ കൂട്ടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ വർദ്ധനയാണ് വില കൂട്ടാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.

അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ താഴ്‌ന്നുനിൽക്കുകയും റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുകയും ചെയ്യുമ്പോൾ വില കൂട്ടിയത് ലാഭക്കൊതിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു.

വിലക്കയറ്റം

ഗാർഹിക സിലിണ്ടർ

2020 മേയ് : ₹589

2021 ഫെബ്രുവരി : 795

2022 മാർച്ച് : 949

2022 മേയ് : 999

2022 ജൂലായ് : 1,​060

2023 മാർച്ച് : 1,​112

പുതുക്കിയ വില

(ഗാർഹിക,​ വാണിജ്യ സിലിണ്ടർ)​

തിരുവനന്തപുരം ₹1112, ₹2143

കൊല്ലം 1112. 2​153

പത്തനംതിട്ട 111.5, 2137.5

ആലപ്പുഴ 1110, 2126

കോട്ടയം 1115, 2153.5

ഇടുക്കി 1120.5, 2155

എറണാകുളം 1110, 2124

തൃശൂർ 1115, 2137.5

പാലക്കാട് 1118.5, 2169.5

മലപ്പുറം 1115.5, 2153

കോഴിക്കോട് 1111.5, 2153

വയനാട് 1116.5, 2,166.5

കണ്ണൂർ 1123, 2184.5

കാസർകോട് 1123, 2184.5

കേരളത്തിൽ ഗാർഹിക

ഉപഭോക്താക്കൾ

1.07കോടി

ഇന്ത്യൻ ഓയിൽ

53.4 ലക്ഷം

ബി.പി.സി.എൽ

31.7 ലക്ഷം

എച്ച്.പി.സി.എൽ

22.6 ലക്ഷം

നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വിലക്കയറ്റം കാരണം കുടുംബ ബഡ്‌ജറ്റ് അപ്പാടെ താളം തെറ്റിയിരിക്കുകയാണ്. അതിനിടെ പാചകവാതകത്തിന് വില അടിക്കടി കൂട്ടുന്നത് ദ്രോഹമാണ്

- ശ്രീകല, തിരുവനന്തപുരത്തെ വീട്ടമ്മ

ഹോട്ടലുകളിൽ കൊവിഡിന് ശേഷം കച്ചവടം കുറവാണ്. വില വർദ്ധിച്ചാൽ ഉപഭോക്താക്കൾ വീണ്ടും കുറയാം. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കും

ജി. ജയപാൽ, പ്രസിഡന്റ്,

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ.