യു.പിയിൽ സ്‌ഫോടന പദ്ധതി : 7 ഐസിസ് ഭീകരർക്ക് വധശിക്ഷ

Thursday 02 March 2023 4:47 AM IST

ന്യൂഡൽഹി : ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ ബോംബ് സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടെന്ന കേസിൽ ഏഴ് ഐസിസ് ഭീകരർക്ക് വധശിക്ഷ വിധിച്ച് ലക്‌നൗ എൻ.ഐ.എ. കോടതി. ഒരു ഭീകരന് ജീവപര്യന്തം കഠിനതടവും വിധിച്ചു. കേസ് അപൂ‌ർവങ്ങളിൽ അപൂർവമാണെന്ന് ജഡ്‌ജി വി.എസ്. ത്രിപാഠി നിരീക്ഷിച്ചു.

മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അഹ്സർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയിദ് മീർ ഹുസൈൻ, റോക്കി എന്ന ആസിഫ് ഇക്ബാൽ എന്നിവർക്കാണ് തൂക്കുകയർ. ആസിഫ് ഇറാനി എന്ന മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം. യു.എ.പി.എ വകുപ്പുകൾ അടക്കമാണ് ഭീകരർക്കതിരെ ചുമത്തിയത്.

ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയിദ് മീർ ഹുസൈൻ എന്നിവർക്ക് 2017 മാർച്ച് ഏഴിന് ഭോപ്പാൽ-ഉജ്ജയിൻ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിലും പങ്കുളളതായി കണ്ടെത്തിയിരുന്നു. വിചാരണഘട്ടത്തിലുള്ള ആ കേസിലെ

മുഖ്യപ്രതി മുഹമ്മദ് ഫൈസൽ അറസ്റ്റിലായതോടെയാണ് ഉത്തർപ്രദേശിലെ സ്‌ഫോടന പദ്ധതി അന്വേഷണഏജൻസികൾ മനസിലാക്കിയത്. തുട‌ർന്ന് നടത്തിയ തിരച്ചിലിലാണ് എട്ട് ഭീകരർ കാൺപൂരിൽ പിടിയിലായത്. കാൺപൂർ - ഉന്നാവ് റെയിൽവേ ട്രാക്കിൽ ബോംബ് സ്‌ഫാേടനത്തിന് പ്രതികൾ പദ്ധതിയിട്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ദസ്റ ആഘോഷത്തിനിടെ യു.പിയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താനും ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നു. ഉന്നാവിലെ ഗംഗാ ഘട്ടിൽ പരീക്ഷണ സ്‌ഫോടനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി.