രാധികയ്ക്കു വേണം നാടിന്റെ കൈത്താങ്ങ്

Thursday 02 March 2023 12:54 AM IST
പി.രാധിക

ചേർത്തല: വൃക്കകൾ തകരാറിലായി ജീവൻ പ്രതിസന്ധിയിലായ വീട്ടമ്മയ്ക്കുവേണ്ടി​ പട്ടണക്കാട് ഗ്രാമം രംഗത്തിറങ്ങുന്നു. ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മോഹനമന്ദിരത്തിൽ പി.രാധികയുടെ (46) വൃക്കമാറ്റിവയ്ക്കാനാണ് നാടൊന്നിക്കുന്നത്. 5ന് രാവിലെ എട്ടു മുതൽ 19 വാർഡുകളിലും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും കുടുംബശ്രീ, സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ധനസമാഹരണം നടത്തും. രാധികയ്ക്ക് ഭർത്താവ് സതീഷ്‌കുമാറാണ് വൃക്ക നൽകുന്നത്. ഇരുവരുടെയും ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി 25 ലക്ഷം വേണ്ടിവരും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. മുതിർന്ന മൂന്നു പെൺകുട്ടികളടങ്ങിയ നിർദ്ധന കുടുംബത്തിനു മുന്നിൽ ഈ തുക വലിയ വെല്ലുവിളിയായപ്പോഴാണ് കൈത്താങ്ങായി ഗ്രാമം ഒപ്പം നിന്നത്. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ തന്നെയാണ് ധനസമാഹരണം. ഇതിനായി 19 വാർഡുകളിലും പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിതാ ദിലീപ്, രക്ഷാസമിതി ചെയർമാൻ കെ.ഡി.ജയരാജ്, കൺവീനർ കെ.ജി.ഹെൻട്രി, എം.എ.നെൽസൺ എന്നിവർ വാത്താസമ്മേളനത്തിൽ അറിയിച്ചു. രാധികയുടെ ചികിത്സയ്ക്കായി പട്ടണക്കാട് എസി.ബി.ഐ ശാഖയിൽ 67219414043 (ഐ.എഫ്.എസ് കോഡ് എസ്.ബി.ഐ.എൻ 0070267) നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ 8943465682.