എസ്.എസ്.എൽ.സി : ജില്ലയിൽ പരീക്ഷ എഴുതുന്നത് 21,648 വിദ്യാർത്ഥികൾ
കൂടുതൽ വിദ്യാർത്ഥികൾ മാവേലിക്കരയിൽ, കുറവ് കുട്ടനാട്ടിൽ
ആലപ്പുഴ : ജില്ലയിൽ നിന്ന് ഇത്തവണ 21,648 വിദ്യാർത്ഥികൾ, മാർച്ച് ഒമ്പത് മുതൽ 29വരെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതും. 10,468 പെൺകുട്ടികളും 11,180 ആൺകുട്ടികളും.കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 7009 പേർ. കുറവ് കുട്ടനാട്ടിലും. 2032 പേരാണ് ഇവിടെ പരീക്ഷയെഴുതുക.
ഭിന്നശേഷിക്കാരായ 330 കുട്ടികളും പട്ടികവർഗ വിഭാഗത്തിലെ 25 പെൺകുട്ടികളും 34 ആൺകുട്ടികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽപ്പെടും. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വി.ജെ.എച്ച്.എസ് നദ്‌വത്ത് നഗർ സ്‌കൂളിലാണ്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ സോർട്ടിംഗ്, സൂക്ഷിപ്പ്, വിതരണം, പരീക്ഷാ ദിവസങ്ങളിൽ വേണ്ടിവരുന്ന സുരക്ഷാക്രമീകരണങ്ങൾ, ഉത്തരക്കടലാസുകൾ ക്യാമ്പിൽ എത്തിക്കുന്നത് തുടങ്ങിയവ ചർച്ച ചെയ്യുന്നതിനായി ഡെപ്യൂട്ടി കളക്ടർ ആർ. സുധീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പരീക്ഷാവശ്യങ്ങൾക്കായി അത്യാവശ്യ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും സർവീസുകൾ നടത്തും.
ഹെൽപ് ലൈൻ എസ്.എസ്.എൽ.സി പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരുടെ സംശയനിവാരണത്തിനായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കേന്ദ്രമാക്കി ജില്ലാതല ഹെൽപ് ലൈൻ സജ്ജീകരിച്ചു. മാർച്ച് എട്ട് മുതൽ 29 വരെ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെ സേവനം ലഭ്യമാകും. ഫോൺ : 0477-2252908, 9995439097, 854778852
വിഭ്യാഭ്യാസ ജില്ലയും രജിസ്റ്റർ ചെയ്തവരും
മാവേലിക്കര.......7009
ചേർത്തല...........6374
ആലപ്പുഴ.............6233
കുട്ടനാട്............. 2032