20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Thursday 02 March 2023 12:12 AM IST

അടിമാലി: വെള്ളത്തൂവലിൽ 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. വെള്ളത്തൂവൽ വിമല സിറ്റി പള്ളിക്കുന്നേൽ ജോൺസണാണ് (52) പിടിയിലായത്. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വെള്ളത്തൂവൽ ടൗണിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തുന്ന ഇയാളിൽ നിന്ന് 20 ലിറ്റർ മദ്യവും മദ്യം കടത്തുന്നതിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. മുമ്പും നിരവധി അബ്കാരി കേസുകളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ടൗണിലുള്ള കടമുറി കേന്ദ്രീകരിച്ച് ആയിരുന്നു മദ്യ വിൽപ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർ കെ.പി. ബിനുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ.എസ്, ഹാരിഷ് മൈദീൻ, ഡ്രൈവർ ശരത് എസ്.പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.