മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Thursday 02 March 2023 12:33 AM IST

വണ്ടൂർ: മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സേലം സ്വദേശികൾ വണ്ടൂരിൽ അറസ്റ്റിൽ. സേലം സ്വദേശികളായ ശക്തിവേൽ(25), ഇളയരാജ (26) എന്നിവരാണ് പിടിയിലായത്. കണ്ണിമാങ്ങാ കച്ചവടത്തിനെത്തിയവരെന്ന വ്യാജേനയായിരുന്നു വിൽപ്പന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന വ്യാജേന കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം സിയന്നാ ബൈപ്പാസിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. ഇരുവരുടെയും രണ്ട് ബാഗുകളിൽ സാരിക്കഷ്ണത്തിൽ പൊതിഞ്ഞ 4 കെട്ടുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കാട്ടിൽ കൃഷി ചെയ്ത കഞ്ചാവാണിതെന്നാണ് ഇവർ എക്‌സൈസിനോട് പറഞ്ഞിട്ടുള്ളത്. ഇരുവരും നേരത്തെ വണ്ടൂരിലും മഞ്ചേരിയിലും വിൽപ്പന നടത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ എൻ. ശങ്കരനാരായണൻ, പി. അശോക്, എം.എൻ. രജ്ഞിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്. അരുൺകുമാർ, വി. ലിജിൻ, പി. ഷബീർ അലി, എം. സുനിൽ, കെ. അമിത്, പി. സുനീർ, ഡ്രൈവർ കെ. പ്രദീപ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.