നെയ്യാറ്റിൻകര ബസ്‌ സ്റ്റാൻഡിൽ പട്ടാപ്പകൽ വീണ്ടും പെൺകുട്ടിക്ക് മർദ്ദനം

Thursday 02 March 2023 12:34 AM IST

നെയ്യാറ്റിൻകര: ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വീണ്ടും നടുറോഡിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു. പെൺകുട്ടിയെ മർദ്ദിച്ച ഉച്ചക്കട സ്വദേശി റോണിയെ (20) നാട്ടുകാർ പിടികൂടി നെയ്യാറ്റിൻകര പൊലീസിന് കൈമാറി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നാട്ടുകാരുടെ ഇടപെടൽ. സൗഹൃദത്തിലായിരുന്ന ഇവർ തമ്മിലുളള കലഹം മർദ്ദനത്തിൽ കലാശിച്ചെന്നാണ് വിവരം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം മുമ്പ് ഇതേ ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടിയെ ആനാവൂർ സ്വദേശിയായ ഷിനോജ് (20) മർദ്ദിച്ചിരുന്നു. കാറിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെയും സംഘത്തിന്റെയും കാർ തട്ടി ഇവിടെ അപകട പരമ്പര അരങ്ങേറി. വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ ഷിനോജിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു.