നേമം റെയിൽവേ ടെർമിനൽ നടപ്പാക്കുമെന്ന് റെയിൽവേയുടെ ഉറപ്പ്

Thursday 02 March 2023 3:05 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ റെയിൽവേ സൗകര്യം കൂട്ടുന്നതിന്റെ ഭാഗമായി നേമം റെയിൽവേ ടെർമിനൽ പദ്ധതി നടപ്പാക്കുമെന്നും വൈകാതെ അനുമതി ലഭിക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് പറഞ്ഞു. കന്യാകുമാരി മുതൽ പാലക്കാട് വരെയുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ റെയിൽവേ വികസന പദ്ധതികളുടെയും പുരോഗതി സംബന്ധിച്ച് എം.പി.മാരുമായി നടത്തിയ ചർച്ചയിലാണ് ആർ.എൻ.സിംഗ് ഉറപ്പ് നൽകിയത്.

കഴിഞ്ഞ ഒന്നര വർഷമായി നേമം ടെർമിനൽ വിഷയം പാർലമെന്റിനകത്തും പുറത്തും എം.പിമാർ നിരന്തരം ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ പദ്ധതി ഉപേക്ഷിക്കുമെന്ന പ്രതികരണം റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടായി. പതിറ്റാണ്ട് മുമ്പ് റെയിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് 117 കോടി ചെലവ് കണക്കാക്കുന്ന നേമം ടെർമിനൽ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തത്. നേമത്തെയും കൊച്ചുവേളിയിലെയും സാറ്റ്ലൈറ്റ് ടെർമിനലുകൾ. വടക്കു നിന്നു വരുന്ന ട്രെയിനുകൾ നേമത്തും തെക്കുനിന്നുള്ളവ കൊച്ചുവേളിയിലും ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നതായിരുന്നു പദ്ധതി.

നേമം പദ്ധതി 2011-12ൽ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചു. ഏറെക്കാലത്തെ നിശ്ചലാവസ്ഥയ്ക്കു ശേഷം 2018-19ൽ അംബ്രലാ വർക്കിൽ ഉൾപ്പെടുത്തി. പിന്നാലെ 2019 മാർച്ച് ഏഴിന് പദ്ധതിക്ക് റെയിൽവേ മന്ത്രി തറക്കല്ലിട്ടെങ്കിലും ഒന്നും നടന്നില്ല. കൊച്ചുവേളി ടെർമിനൽ പദ്ധതി വൈകാതെ പൂർത്തിയാക്കുമെന്നും ജനറൽ മാനേജർ ഉറപ്പുനൽകി. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ,ആന്റോ ആന്റണി, തോമസ് ചാഴിക്കാടൻ,ബെന്നി ബഹനാൻ, വിജയവസന്ത്,എ.എം.ആരിഫ്,അടൂർ പ്രകാശ്,ഡീൻ കുര്യാക്കോസ്,ജോസ് കെ.മാണി,ബിനോയ് വിശ്വം,ജോൺ ബ്രിട്ടാസ്, എ.എ.റഹിം, ജെബിമേത്തർ തുടങ്ങിയവർ പങ്കെടുത്തു.