അമിത് ഷാ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും
തൃശൂർ: തൃശൂരിൽ ബി.ജെ.പി പൊതുയോഗത്തിൽ സംബന്ധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. ആധുനിക തൃശൂരിന്റെ ശിൽപ്പി ശക്തൻ തമ്പുരാന്റെ സമാധി സ്ഥലത്ത് അമിത് ഷാ എത്തുന്നതോടെ അദ്ദേഹത്തിന്റെ സ്മാരകവും ദേശീയ ശ്രദ്ധ നേടും.
മാർച്ച് അഞ്ചിന് തൃശൂരിലെത്തുന്ന അമിത് ഷായുടെ പ്രധാന പരിപാടികളിലൊന്ന് ശക്തൻ തമ്പുരാൻ സമാധി സന്ദർശനമാണ്. തൃശൂരിന്റെ ശിൽപ്പിയും തൃശൂർ പൂരത്തിന്റെ ഉപജ്ഞാതാവുമാണ് ശക്തൻ തമ്പുരാൻ. രാജ്യ കാര്യങ്ങളിലെ കണിശതയും നിശ്ചയദാർഢ്യവുമാണ് കൊച്ചിരാജ്യത്തെ ഭരണാധികാരിയായിരുന്ന രാമവർമ്മ തമ്പുരാനെ ശക്തൻ തമ്പുരാൻ എന്ന വിളിപ്പേരിന് അർഹനാക്കിയത്. വടക്കെച്ചിറ കൊട്ടാരത്തിന്റെ തെക്കേ വളപ്പിൽ ആദ്യം കാണുന്നതാണ് ശക്തന്റെ ശവകൂടീരം.
ബി.ജെ.പി പതാക ദിനം ആചരിച്ചു
തൃശൂർ: അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ ബി.ജെ.പി പതാക ദിനം ആചരിച്ചു. ബൂത്ത് തലങ്ങളിലും പ്രധാന സെന്ററുകളിലും പതാക ഉയർത്തി. ഞായറാഴ്ച്ചയാണ് അമിത് ഷാ തൃശൂരിൽ എത്തുന്നത്.