സൗരഭ് ഭരദ്വാജിനെയും അതിഷിയെയും മന്ത്രിമാരാക്കാൻ ശുപാർശ

Thursday 02 March 2023 2:34 AM IST

ന്യൂഡൽഹി: അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജിവച്ച സാഹചര്യത്തിൽ ആം ആദ്മി പാർട്ടി എം.എൽ.എമാരായ സൗരഭ് ഭരദ്വാജിനെയും അതിഷി മെർലേനയെയും മന്ത്രിസഭയിലുൾപ്പെടുത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്‌ക്ക് ശുപാർശ നൽകി. അതേസമയം രാജിവച്ചവരുടെ വകുപ്പുകൾ മന്ത്രിസഭയിലെ കൈലാഷ് ഗെലോട്ടിനും രാജ്‌കുമാർ ആനന്ദിനും നൽകി.

അതിഷി കൽക്കാജിയിൽ നിന്നുള്ള എം.എൽ.എയാണ്. പാർട്ടി വക്താവായി തിളങ്ങുന്ന നേതാവാണ് സൗരഭ്. മനീഷ് സിസോദിയ വഹിച്ചിരുന്ന ആഭ്യന്തരം, ധനം, ആസൂത്രണം, പൊതുമരാമത്ത്, വൈദ്യുതി, നഗരവികസനം, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലം എന്നീ പ്രധാന വകുപ്പുകളാണ് ഗെലോട്ടിന് നൽകിയത്.

സിസോദിയ കൈകാര്യം ചെയ്‌ത വിദ്യാഭ്യാസം, വിജിലൻസ്, സത്യേന്ദ്ര ജെയിൻ വഹിച്ച ആരോഗ്യം, ഭൂമിയും കെട്ടിടങ്ങളും, സേവനങ്ങൾ, വിനോദസഞ്ചാരം, കല, സംസ്കാരം & ഭാഷ, തൊഴിൽ, തൊഴിൽ തുടങ്ങിയവ ആനന്ദിനും കൈമാറി.

മദ്യനയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റു ചെയ്‌തതിനെ തുടർന്നാണ് സിസോദിയ രാജിവച്ചത്. ഒപ്പം രാജിവച്ച സത്യേന്ദ്ര ജെയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ്.

ബി.ജെ.പിയിൽ ചേർന്നാൽ കേസുണ്ടാകില്ല: കേജ്‌രിവാൾ

അറസ്റ്റിലായ ആംആദ്‌മി പാർട്ടി നേതാവും മുൻ മന്ത്രിമാരുമായ മനീഷ് സിസോദിയയ്‌ക്കും സത്യേന്ദ്ര ജെയിനിനുമെതിരെ കള്ളക്കേസുകളാണെന്നും അവർ ബി.ജെ.പിയിൽ ചേർന്നാൽ ഇതൊക്കെ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമം. മദ്യ കുംഭകോണം ഒഴിവുകഴിവു മാത്രമാണ്. മന്ത്രിമാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ തടയുകയാണ് ലക്ഷ്യം. 100 കോടി രൂപയുടെ ഇടപാടു നടത്തിയെന്ന് കേസുള്ള സിസോദിയയുടെ വീട്ടിൽ നിന്ന് 10,000രൂപ പോലും കിട്ടിയില്ല. ആഭരണങ്ങളും കിട്ടിയില്ല.

പഞ്ചാബിൽ ജയിച്ചതു മുതൽ കേസിലൂടെ ആംആദ്‌മി പാർട്ടിയെ ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നു. ഭീഷണിക്കു മുന്നിൽ വഴങ്ങില്ല. ഡൽഹിയിലെ പ്രവർത്തനങ്ങൾ അതിവേഗം തുടരും.

കേന്ദ്രസർക്കാർ നടപടികൾ വീടുതോറും പ്രചാരണം നടത്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. ജനങ്ങൾ ഇതിന് ഉത്തരം നൽകും. ഒരിക്കൽ ഇന്ദിരാഗാന്ധി ചെയ്തതുപോലെയാണ് ബി.ജെ.പിയുടെ നടപടികളെന്നും കേജ്‌രിവാൾ ആരോപിച്ചു.

Advertisement
Advertisement