70 എച്ച്.ടി.ടി പരിശീലന വിമാനങ്ങൾ വാങ്ങാൻ അനുമതി

Thursday 02 March 2023 1:39 AM IST

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) നിന്ന് വ്യോമസേനയ്‌ക്ക് 6,828.36 കോടി രൂപയ്ക്ക് 70 എച്ച്.ടി.ടി-40(ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40) ബേസിക് പരിശീലന വിമാനങ്ങൾ വാങ്ങാൻ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷയ്‌ക്കാനുള്ള ഉപസമിതി അംഗീകാരം നൽകി. വിമാനങ്ങൾ ആറ് വർഷത്തിനുള്ളിൽ ലഭ്യമാകും.

ഇന്ത്യയിൽ നിർമ്മിച്ച മികച്ച ടർബോ പ്രോപ് പരിശീലക വിമാനങ്ങളിലൊന്നാണിത്. എയർകണ്ടീഷൻ ചെയ്ത കോക്ക്പിറ്റ്, ആധുനിക ഏവിയോണിക്സ്, ഹോട്ട് റീ-ഫ്യൂവലിംഗ്, റണ്ണിംഗ് ചേഞ്ച് ഓവർ, സീറോ-സീറോ എജക്ഷൻ സീറ്റുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

പുതുതായി റിക്രൂട്ട് ചെയ്‌ത പൈലറ്റുമാർക്ക് പരിശീലനം നൽകാൻ പുതിയ വിമാനങ്ങൾ ഉപയോഗിക്കും. അനുബന്ധ ഉപകരണങ്ങളും സിമുലേറ്ററുകൾ ഉൾപ്പെടെയുള്ള പരിശീലന സഹായങ്ങളും ഉൾപ്പെടുന്നതാണ് കരാർ.

വിമാനത്തിന്റെ 56ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇത് ക്രമേണ 60ശതമാനമായി വർദ്ധിക്കും.

മൂന്ന് പരിശീലന കപ്പലുകൾക്ക് കരാർ

നാവികസേനയ്‌ക്ക് തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് പരിശീലന കപ്പലുകൾ ലഭ്യമാക്കാനുള്ള 3,108.09 കോടിയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും എൽ ആന്റ് ടി ലിമിറ്റഡും ഒപ്പിടും. കേന്ദ്ര മന്ത്രിസഭാ കരാറിന് അംഗീകാരം നൽകി. കപ്പലുകൾ 2026 മുതൽ നാവിക സേനയ്‌ക്ക് കൈമാറും.

സ്ത്രീകൾ ഉൾപ്പെടെയുള്ള നാവികസേനാ കേഡറ്റുകൾക്ക് പരിശീലനം നൽകാനാണിത്. സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾക്കും പരിശീലനവും നൽകും. രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.

ചെന്നൈ കാട്ടുപള്ളിയിലെ എൽ.ആൻഡ്. ടി കപ്പൽശാലയിലാണ് കപ്പലുകളുടെ രൂപകൽപനയും നിർമ്മാണവും നടക്കുക. ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയ നിർമ്മാതാക്കളിൽ നിന്ന് ലഭ്യമാക്കും.