ഹിൻ‌ഡൻബർഗ് വിദഗ്ദ്ധ സമിതിയിൽ ഇന്ന് വിധി

Thursday 02 March 2023 2:40 AM IST

ന്യൂ ഡൽഹി : ഹിൻഡൻബ‌ർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാൻ പരിഹാര നിർദേശങ്ങൾ തയാറാക്കാനുമുളള വിദഗ്ദ്ധ സമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറയുന്നത്.ഫെബ്രുവരി 17ന് വാദമുഖങ്ങൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു.

സുപ്രീംകോടതി നേരിട്ടാണ് വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നത്. വിദഗ്ദ്ധസമിതി അംഗങ്ങളാക്കാൻ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കൈമാറിയ പേരുകൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സ്വീകരിച്ചിരുന്നില്ല. സർക്കാർ സമിതിയായി കണക്കാക്കപ്പെടുമെന്ന വിലയിരുത്തലാണ് കോടതിയിൽ നിന്നുണ്ടായത്. സമിതിയുടെ സുതാര്യത നിലനിർത്താനും, ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടാകാനുമാണ് നിലപാടെടുക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, പൊതുപ്രവർത്തകരായ മനോഹർലാൽ ശർമ, വിശാൽ തിവാരി, അനാമിക ജയ്സ്വാൾ എന്നിവരാണ് പൊതുതാൽപര്യഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.