ഒാസ്കാർ വേദി​യി​ൽ 'നാട്ടു നാട്ടു" ലൈവായി അവതരിപ്പിക്കും

Thursday 02 March 2023 1:42 AM IST

ലോസ് ആഞ്ചലസ്: മാർച്ച് 12ന് നടക്കുന്ന ഒാസ്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച ഒറിജിനൽ ഗാനത്തിന് നോമിനേഷൻ ലഭിച്ച 'നാട്ടു നാട്ടു" ലൈവായി അവതരിപ്പിക്കുമെന്ന് ഒാസ്‌കാർ സംഘാടകർ അറിയിച്ചു. 95-ാമത് ഓസ്‌കാർ ചടങ്ങാണ് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ അരങ്ങേറുക. നാട്ടു നാട്ടു ഗാനം അവതരിപ്പിക്കുന്നതിനായി ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയിലെത്തും.

ഒസ്‌കാർ പുരസ്‌കാരത്തോടനുബന്ധിച്ച് റീ-റിലീസിംഗി​ന് ഒരുങ്ങുകയാണ് ആർ.ആർ.ആർ. അമേരിക്കയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. വേരിയൻസ് ഫിലിംസാണ് ചിത്രം യു.എസിൽ വിതരണം ചെയ്തത്. ചിത്രത്തിന്റെ റീ-റിലീസിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുതിയ ട്രെയിലറുകളും പുറത്തിറക്കി.

ബാഹുബലി എന്ന ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങു തകർത്ത ചിത്രമാണ് ആർ.ആർ.ആർ. പ്രഖ്യാപന സമയം മുതൽ പ്രദർശനവേളയിലുൾപ്പെടെ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് ചി​ത്രത്തി​ന്െ വിജയ രഹസ്യം. അവാർഡുകൾ വാരിക്കൂട്ടിയുള്ള ചിത്രത്തിന്റെ യാത്ര ഇപ്പോൾ ഓസ്‌കാർ വേദിയിലെത്തി നിൽക്കുകയാണ്.

2022 മാർച്ച് 22-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പിന്നീട് ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത വിലയിരുത്തി സീ5 പ്ലാറ്റ്‌ഫോമിലൂടെ ഒ.ടി.ടിയിലുമെത്തി. 650 കോടി മുതൽ മുടക്കിൽ ആരാധകർക്ക് മുന്നിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ആയിരം കോടി കളക്ഷനിലെത്തിയിരുന്നു. അടുത്തിടെ ജപ്പാനിലും പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.