ത്രിപുര, മേഘാലയ, നാഗാലാൻഡ് ഫലം ഇന്ന്

Thursday 02 March 2023 2:43 AM IST

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ഉച്ചയോടെ ഫലങ്ങളറിയാം. ഫെബ്രുവരി 16 നായിരുന്നു ത്രിപുരയിൽ വോട്ടെടുപ്പ്. 27 ന് നാഗാലാൻഡിലും മേഘാലയയിലും .
ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എൻ.പി.എഫ്, എൻ.ഡി.പി.പി, ബി.ജെ.പി സഖ്യമായ പി.ഡി.എക്കാണ് നാഗലാൻഡിൽ മുൻതൂക്കം. മേഘാലയിൽ എൻ.ഡി.എ വിട്ട് ഒറ്റയ്‌ക്ക് മത്സരിച്ച എൻ.പി.പിക്ക് മുൻതൂക്കം ലഭിക്കുമെങ്കിലും എക്‌‌‌സിറ്റ് പോൾ ആർക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല. മൂന്ന് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമല്ല.

2018ൽ സി.പി.എമ്മിന്റെ 25 വർഷത്തെ ആധിപത്യം തകർത്ത ബി.ജെ.പി മണിക് സാഹയുടെ നേതൃത്വത്തിൽ അധികാരത്തുടർച്ച നേടിയാൽ വൻ തിരിച്ചടിയാകുക കോൺഗ്രസിനാണ്. ബി.ജെ.പിക്കെതിരെ

സമാനമനസ്‌കരായ മതേതര മുന്നണിയെന്ന റായ്‌പൂർ പ്ളീനറി പാസാക്കിയ നിലപാടാണ് പാർട്ടി ത്രിപുരയിൽ പരീക്ഷിച്ചത്. വിജയിച്ചാൽ അടുത്ത ലോക്‌‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടും.

സി.പി.എം-കോൺഗ്രസ് സഖ്യ വാഗ്ദാനം നിരസിച്ച് ഒറ്റയ്‌ക്ക് മത്സരിച്ച തിപ്ര മോത്തയുടെ പ്രകടനവും ത്രിപുരയിൽ നിർണായകമാകും. ആദിവാസി സ്വാധീനമുപയോഗിച്ച് അവർ 16 സീറ്റ് വരെ നേടിയേക്കാമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ഇത് ബി.ജെ.പിക്കും ഭീഷണിയായേക്കും. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം സി.പി.എം-കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ തിപ്രമോത്തയ്‌ക്ക് പിന്തുണ നൽകാനിടയുണ്ട്. ത്രിപുരയിൽ ചുവടുറപ്പിക്കാൻ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനും തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണായകമാണ്.

ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡും മേഘാലയയും ഇക്കുറിയും കോൺഗ്രസിനൊപ്പമല്ലെന്നാണ് എക്‌സിറ്റ് ഫലങ്ങൾ. രണ്ടിടത്തും ബി.ജെ.പി കൂടുതൽ വോട്ട് നേടുമെന്നതും കോൺഗ്രസിനെ നിരാശപ്പെടുത്തുന്നു. നാഗാലാൻഡിൽ നെഫിയു റിയോയുടെ പി.ഡി.എ അധികാരത്തുടർച്ച നേടിയാൽ ബി.ജെ.പിക്ക് വലിയ നേട്ടമാകും. എന്നാൽ മേഘാലയയിൽ കോൺറാഡ് സാംഗ്‌മയുടെ നാഷണൽ പ്യൂപ്പിൾസ് പാർട്ടിയുമായുള്ള (എൻ.പി.പി) സഖ്യം മുറിഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ രണ്ടു സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി ഇക്കുറി നില മെച്ചപ്പെടുത്തിയേക്കും. ഒറ്റയ്‌ക്ക് മത്സരിച്ച എൻ.പി.പി വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ ബി.ജെ.പിയുമായി വീണ്ടും സാംഗ്‌മയ്‌ക്ക് കൈകോർക്കേണ്ടി വന്നേക്കാം.

Advertisement
Advertisement