ഗ്രീസിൽ ‌ട്രെയിനുകൾ കൂട്ടിയിടിച്ച് 36 മരണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രാൻസ്പോർട്ട് മന്ത്രി രാജി വച്ചു

Thursday 02 March 2023 1:44 AM IST

ഏതൻസ്: വടക്കൻ ഗ്രീസിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 36 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 25 പേരുടെ നില ഗുരുതരമാണ്. ഏതൻസിൽ നിന്ന് തെസ്സലോനികിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ 350 യാത്രക്കാരുണ്ടായിരുന്നു. തെസ്സലോനികിയിൽ നിന്ന് ലാരിസ്സയിലേക്ക് പോവുകയായിരുന്നു ഗുഡ്ഡ് ട്രെയിൻ. മരണമടഞ്ഞവരിൽ വിദ്യാർത്ഥികളും റയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു. ഇരു ട്രെയിനുകളുടെയും ഡ്രൈവർമാരും മരിച്ചു.

അതിനിടെ, ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രാൻ്പോർട്ട് മന്ത്രി കോസ്റ്റാസ് കരമൻലിസ് രാജിവച്ചു. ഇത്രയും ദുഃഖകരമായ സംഭവമുണ്ടായതിന് ശേഷവും താൻ തുടരുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അർദ്ധരാത്രിയോട ലാരിസ് ടൗണിനടുത്തുണ്ടായ അപകടത്തെ തുടർന്ന് കോച്ചുകൾ കൂട്ടിയിടിച്ച് തീപിടിക്കുകയും പാളം തെറ്റുകയും ചെയ്തതാണ് മരണസംഖ്യ ഉയരാൻ കാരണം. പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. വാരാന്ത്യത്തിൽ നടന്ന കാർണിവലിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്നു മരണമടഞ്ഞ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. രാത്രിയായതിനാൽ രക്ഷാപ്രവത്തനം വൈകി. യുവാക്കളായ യാത്രക്കാർ മരിക്കാനിടയായതിൽ അതീവദുഃഖമുണ്ടെന്ന് ഡപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ മിന ഗാഗ പറഞ്ഞു.

അപകടമുണ്ടായ ലോക്കൽ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

ഗ്രീക്ക് പ്രധാനമന്ത്രി കൈരിക്കോസ് മിറ്റ്‌‌സോടാക്കിസ് ദുരന്തസ്ഥലം സന്ദർശിച്ചു. ദുരന്തത്തിനിടയാക്കിയതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലാരിസ ടൗണിനടുത്തുള്ള ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ജനറൽ ശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്തിരുന്നവരിൽ കാണാതായവരുടെ ബന്ധുക്കളെ ഡി.എൻ.എ ടെസ്റ്റിന് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 33 ഡി.എൻ.എ ടെസ്റ്റുകൾ നടത്തിയതായും കൂടുതൽ പേർ കാത്തു നില്പുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.