ഇംഗ്ലീഷ് കാർണിവലും ഭക്ഷ്യമേളയുമൊരുക്കി

Thursday 02 March 2023 3:55 AM IST

ആറ്റിങ്ങൽ: ബി.ആർ.സിയുടെ ഇല പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഡയറ്റ്‌ സ്‌കൂളിൽ ഇംഗ്ലീഷ് കാർണിവലും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി അംഗം ബിനു വേലായുധൻ അദ്ധ്യക്ഷനായി. കൗൺസിലർ ബിനു, പ്രിൻസിപ്പൽ ഡോ.ടി.ആർ.ഷീജാകുമാരി, അദ്ധ്യാപിക ആശ, വിദ്യാർത്ഥികളായ ട്രിക്കെലെജന്‍ഡ്, ആഷ്‌നാ ഷാനവാസ്, നിവേദ്.എം.നായർ എന്നിവർ പങ്കെടുത്തു.

എൽ.പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷിലുള്ള ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാർണിവലും യു.പി വിഭാഗത്തിൽ ഉപ്പ് സത്യഗ്രഹവുമായി ബന്ധപ്പെട്ട നാടകാവിഷ്‌കാരവും മൺമറയുന്ന നെൽവയലുകളെക്കുറിച്ചുള്ള സെമിനാറുമാണ് ഡയറ്റ് സ്‌കൂൾ നടപ്പാക്കിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേള വലിയ ആകർഷണമായി. ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ വിവിധ വിഭവങ്ങൾ, പായസമേള എന്നിവ ആസ്വദിക്കാൻ ധാരാളം പേരെത്തി. വീടുകളിൽ കൃഷി ചെയ്‌തെടുത്ത പച്ചക്കറി വിഭവങ്ങളും പഴങ്ങളും വില്പനയ്ക്കായി കുട്ടികൾ മേളയിലെത്തിച്ചിരുന്നു.