പണമല്ല, തീക്കലയാണ് ജേക്കബിന് ജീവൻ
Thursday 02 March 2023 3:41 AM IST
ദക്ഷിണാഫ്രിക്കയിലെ ജോലിയും ഉപേക്ഷിച്ച് ജേക്കബ് കുര്യൻ നാട്ടിലേയ്ക്ക് തിരികെ വിമാനം പിടിക്കുമ്പോൾ മനസിൽ വരച്ചു ചേർത്തിരുന്നു കലയോടുള്ള അടങ്ങാത്ത ആഗ്രഹം. വരുമാനം നിലച്ച് പ്രതിസന്ധിയിലായെങ്കിലും പൈറോഗ്രഫിയെന്ന കലയെ ജനകീയമാക്കിയതിന്റെ ആത്മസംതൃപ്തിയാണ് ഉള്ളുനിറയെ. കരുനാഗപ്പള്ളി സ്വദേശിയായ ജേക്കബ് ആറ് വർഷം മുൻപാണ് ദക്ഷിണാഫ്രിക്കയിലെ ഹിറ്റാച്ചി കമ്പനിയിലെ 75,000 രൂപ മാസശമ്പളം വാങ്ങിയിരുന്ന സൂപ്പർവൈസർ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനായി പുറപ്പെട്ടത്. കേന്ദ്ര വസ്ത്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയത്തിന് കീഴിലുള്ള ഏക അംഗീകൃത പൈറോഗ്രഫി ആർട്ടിസ്റ്റാണ് ഇപ്പോൾ ജേക്കബ്. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ജേക്കബിന്റെ പൈറോഗ്രഫിയ്ക്ക് നല്ല ഡിമാൻഡാണ്.