തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ കേന്ദ്ര ഇടപെടലിന് തടയിട്ട് സുപ്രീം കോടതി, മൂന്നംഗ സമിതിയിൽ പ്രതിപക്ഷ നേതാവും

Thursday 02 March 2023 12:25 PM IST

ന്യൂഡൽഹി: മുഖ്യ ഇലക്ഷൻ കമ്മിഷണർ, ഇലക്ഷൻ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നത് സമിതിയുടെ ശുപാർശയോടെ ആയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിൽ ഉൾപ്പെടുന്നത്. സമിതിയുടെ ശുപാർശയോടെയാണ് രാഷ്ട്രപതി നിയമനം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം നിയമനങ്ങൾക്ക് കൊളീജിയം പോലുള്ള സംവിധാനങ്ങൾ രൂപീകരിക്കണമെന്ന ഹർജികളിലാണ് വിധി പറഞ്ഞത്.

പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിൽ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ആയിരിക്കും സമിതിയിൽ ഉൾപ്പെടുന്നത്. നിയമനം സംബന്ധിച്ച് പാർലമെന്റ് നിയമം പാസാക്കുന്നതുവരെ ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം നടത്തുന്നത് രാഷ്ട്രപതിയാണ്. ആറുവർഷം അല്ലെങ്കിൽ 65 വയസുവരെയാണ് ഇവരുടെ സേവന കാലാവധി.

സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ പ്രവർത്തിക്കുക, ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുക തുടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടമകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും ഇല്ലെങ്കിലത് വിനാശകരമായ അനന്തരഫലങ്ങൾക്ക് കാരണമാകുമെന്നും കോടതി വിലയിരുത്തി.

Advertisement
Advertisement