ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റിയൂട്ട്: പദ്ധതി സമർപ്പിക്കാതെ കേരളം മൂന്ന് സംസ്ഥാനങ്ങളിൽ തുടങ്ങി

Friday 03 March 2023 12:00 AM IST

തൃശൂർ: ആയുർവേദ ചികിത്സാരംഗത്തെ വികസനത്തിനും ഗവേഷണത്തിനുമൊക്കെയായി കേന്ദ്ര സഹായത്തോടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്ര്യൂട്ട് സ്ഥാപിക്കാൻ കഴിയുമെന്നിരിക്കെ, ഇതിനായി സംസ്ഥാന സർക്കാർ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചു കഴിഞ്ഞു. ഡൽഹി, ഗോവ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങി.

ആയുർവേദത്തിന്റെ ഈറ്റില്ലമായിട്ടും കേരളം ഇതുവരെ പദ്ധതി നിർദ്ദേശമൊന്നും സമർപ്പിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആയുർവേദ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കുന്നത് കേരളമാണ്. ഇടുക്കിയിൽ തുടങ്ങുന്ന ഗവ. ആയുർവേദ കോളേജിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടാക്കാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അങ്ങനെയെങ്കിൽ ഇതിനായി 100 കോടിയോളം കേന്ദ്ര ഫണ്ട് ലഭിക്കും.

തിരുവനന്തപുരം ആയുർവേദ കോളേജിനെയോ കണ്ണൂർ പടിയൂരിൽ തുടങ്ങുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തേയോ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാനാകും. ഗോവയെ അപേക്ഷിച്ച് കേരളത്തിൽ ആയുർവേദ കോളേജുകളേറെയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലും ആയുർവേദത്തിനുമായി കൂടുതൽ തുക ചെലവഴിക്കുന്നത് കേരളമാണ്. ഒമ്പതാമത് ലോകആയുർവേദ കോൺഗ്രസ് ഗോവയിലായിരുന്നു. ഒന്നാമത്തേത് കൊച്ചിയിലും.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് വന്നാൽ

കൂടുതൽ ഗവേഷണങ്ങളിലൂടെ ശാസ്ത്രീയമായി ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനായാൽ വിദേശനാണ്യവും സംസ്ഥാനത്തിന് ലഭിക്കും. കേരളത്തിൽ ആയുഷ് വിഭാഗം കൈകാര്യം ചെയ്യുന്നത് ആരോഗ്യവകുപ്പാണ്. മറ്റെല്ലാ വൈദ്യശാസ്ത്ര മേഖലയിലുമുള്ള പ്രവർത്തനം നടക്കുന്നതിനാൽ ആരോഗ്യവകുപ്പിന് ആയുഷ് പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ലഭിക്കുന്നില്ല.

ആയുർവേദത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് സ്വതന്ത്രചുമതലയുള്ള ആയുഷ് മന്ത്രി ഉണ്ടാവണമെന്നും ആവശ്യമുയരുന്നുണ്ട്. അങ്ങനെയെങ്കിൽ, കേരളത്തിൽ ഔഷധസസ്യകൃഷിക്കും പുതിയ പദ്ധതികളുണ്ടാക്കാനാകും. കർഷകർക്ക് കൂടുതൽ വരുമാനവും തൊഴിൽ സാദ്ധ്യതയും ഗുണനിലവാരമുള്ള ഔഷധസസ്യങ്ങളും ലഭിക്കും.

കേരളത്തിലുള്ളത്

  • അംഗീകൃത ആയുർവേദ നിർമ്മാതാക്കൾ 650
  • രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് 20,000
  • ഗവ.ആയുർവേദ ഡിസ്‌പെൻസറികൾ 815
  • സ്വകാര്യമേഖലയിൽ 2000
  • ഗവ.ആയുർവേദ കോളേജ് 3
  • സ്വകാര്യമേഖലയിൽ 15
  • ലോകനിലവാരമുള്ള റിസോർട്ടുകൾ 30
  • കേന്ദ്ര ആയുഷ് വകുപ്പിന്റെ ഗവേഷണ
  • സ്ഥാപനങ്ങൾ 2 (ചെറുതുരുത്തി, തിരുവനന്തപുരം)

നിരവധി വിദേശികൾ ആയുർവേദ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ തുടങ്ങുന്നതിന് അനുയോജ്യമാണ് കേരളം. കേരളത്തിലെ എം.പിമാർ ഇതിനായി സമ്മർദ്ദം ചെലുത്താനും കേന്ദ്ര ബഡ്ജറ്റിൽ തുക മാറ്റി വയ്ക്കാനും ശ്രമിക്കണം.

- ഡോ. ഡി. രാമനാഥൻ, ജനറൽ സെക്രട്ടറി, ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ

Advertisement
Advertisement