റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ളിങ്കൻ

Friday 03 March 2023 12:21 AM IST

ന്യൂയോർക്ക്: ഇന്ത്യയിൽ ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. ഒരു വർഷം മുമ്പ് ആരംഭിച്ച യുക്രെയിൻ യുദ്ധത്തിന് ശേഷം ഇരുവരും ആദ്യമായാണ് മുഖാമുഖം കാണുന്നത്. എത്ര കാലം കഴിഞ്ഞാലും അമേരിക്ക യുക്രെയിനൊപ്പമായിരിക്കുമെന്ന് ബ്ളിങ്കൻ പറഞ്ഞു. പത്ത് മിനിറ്റ് നേരം മാത്രമാണ് ചർച്ച നടന്നതെന്ന് മുതിർന്ന ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

റഷ്യയിൽ തടവിലാക്കിയിട്ടുള്ള പോൾ വീലനെ മോചിപ്പിക്കണമെന്നും സ്റ്റാർട്ട് ഉടമ്പടിയിൽ നിന്ന് അടുത്തയിടെ റഷ്യ പിൻമാറിയത് പുനരാലോചിക്കണമെന്നും ബ്ളിങ്കൻ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാൽ, ലാവ്റോവിന്റെ മറുപടി എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നും റഷ്യയുടെ നിലപാടിന് മാറ്റാൻ വരാൻ സാദ്ധ്യതയില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

2022 ജനുവരിയിൽ ജനീവയിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്. ഡൽഹിയിൽ കണ്ടു മുട്ടുന്നതിന് മുമ്പ് യുക്രെയിൻ വിഷയത്തിൽ ഇരുവരുടെയും അഭിപ്രായം വ്യക്തമാക്കിയിരുന്നു. യുക്രെയിൻ വിഷയത്തിൽ റഷ്യക്കെതിരായി ചില രാജ്യങ്ങളെ സ്വാധീനിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നതായി വ്യാഴാഴ്ച ലാവ്റോവ് പ്രസ്താവന നടത്തിയിരുന്നു. പാശ്ചാത്യരാജ്യങ്ങൾ എല്ലാവരെയും എല്ലാ വിഷയത്തിലും റഷ്യക്കെതിരായി തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ലാവ്റോവ് പറഞ്ഞു.

അതേസമയം, ബ്ളിങ്കൻ ഇന്നലെ രാവിലെ ന്യൂഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുക്രെയിൻ വിഷയത്തിൽ റഷ്യക്കെതിരായ അഭിപ്രായ രൂപീകരണം ലക്ഷ്യമിട്ട് രഹസ്യ സംഭാഷണം നടത്തിയിരുന്നു.

Advertisement
Advertisement