അംഗപരിമിതയെയും പട്ടികവർഗക്കാരനെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

Friday 03 March 2023 2:35 AM IST

ന്യൂ ഡൽഹി : അംഗപരിമിതിയുളള അഭിഭാഷകയെ ഗുജറാത്ത് ഹൈക്കോടതിയിലും, പട്ടികവർഗക്കാരനായ

മുതിർന്ന അഭിഭാഷകനെ ഗുവാഹത്തി ഹൈക്കോടതിയിലും ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ. നിയമനങ്ങൾ അംഗീകരിക്കാൻ ഫയൽ കേന്ദ്രസർക്കാരിന് അയച്ചു. സിവിൽ, ക്രിമിനൽ കോടതികളിൽ മികച്ച അഭിഭാഷകയെന്ന് പേരെടുത്ത അഡ്വ. മോക്‌സ കിരൺ തക്കേറിന് തന്റെ അംഗപരിമിതിയെ മറികടക്കാൻ കഴിഞ്ഞുവെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായുളള നിയമനത്തിന്റെ ശുപാർശയിൽ കൊളീജിയം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും, പട്ടികവർഗക്കാരനുമായ കർദക് എറ്റെയെയാണ് ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായി ശുപാർശ ചെയ്‌തത്. ഇരുവരുടെയും നിയമനം ഹൈക്കോടതികളിലെ വൈവിധ്യവും ചേർത്തുപിടിക്കലുമാണെന്ന് കൊളീജിയം അറിയിച്ചു. ഇതിന് പുറമേ, അഹമ്മദാബാദിലെ സിവിൽ കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഡ്വ. ദേവൻ മഹേന്ദ്രഭായ് ദേശായിയെ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയാക്കാനും ശുപാർശ ചെയ്‌തു. ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് സുപ്രധാന നടപടി.

Advertisement
Advertisement