വാലിബൻ കഴിഞ്ഞ് വീണ്ടും റാം

Saturday 04 March 2023 2:26 AM IST

പൊഖ്റാനിൽ ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഏപ്രിൽവരെ വാലിബന്റെ ചിത്രീകരണം ഉണ്ടാവും. വാലിബൻ പൂർത്തിയായശേഷം മോഹൻലാൽ ജീത്തു ജോസഫിന്റെ റാമിന്റെ ലണ്ടൻ, പാരീസ് ഷെഡ്യൂളിൽ പങ്കെടുക്കും. ഒരു മാസത്തെ ചിത്രീകരണം റാമിന് അവശേഷിക്കുന്നുണ്ട്. ഈ ഷെഡ്യൂളോടെ റാം പൂർത്തിയാവും. ഓണം റിലീസായാണ് റാം ഒരുങ്ങുന്നത്. രജനികാന്ത് ചിത്രം ജയിലറിൽ മോഹൻലാൽ പങ്കെടുക്കുന്ന ഫൈറ്റ് സീൻ ഏപ്രിൽ അവസാനം ചിത്രീകരിക്കേണ്ടതുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ ജയിലറിൽ പ്രത്യക്ഷപ്പെടുന്നത്. മേയ് ആദ്യം മോഹൻലാൽ അനൂപ് സത്യന്റെ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. റൊമാന്റിക് റോഡ് മൂവിയായാണ് അനൂപ് സത്യൻ ചിത്രം ഒരുങ്ങുന്നത്. ശോഭന, നസിറുദ്ദീൻ ഷാ, മുകേഷ് എന്നിവർ അനൂപ് സത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആഗസ്റ്റ് 15 നാണ് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വൻതാരനിരയിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. എമ്പുരാനുശേഷം ടിനു പാപ്പച്ചന്റെ ചിത്രമാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് എമ്പുരാനും, അനൂപ് സത്യൻ, ടിനു പാപ്പച്ചൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രങ്ങളും നിർമ്മിക്കുന്നത് .