പൈതൃകം വിളിച്ചറിയിച്ച് സ്വാഗതഗാനം

Friday 03 March 2023 9:22 PM IST

ഗുണ്ടർട്ട് ,പോത്തേരി , മൂർക്കോത്ത്,ബഞ്ചമിൻ ബെയ്ലി,ചന്തുമേനോൻ , സഞ്ജയൻ എന്നിങ്ങനെ തലശ്ശേരിയുടെ രചനാ പൈതൃകത്തിന്റെ പെരുമ പാടുന്ന കലോത്സവ സ്വാഗത നൃത്തശില്പം ഒരുങ്ങുന്നു. പയ്യന്നൂർ കോളേജ് മലയാള വിഭാഗം അദ്ധ്യാപകനും കവിയുമായ ഡോ.പത്മനാഭൻ കാവുമ്പായിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാല വിദ്യർത്ഥിത്ഥിക്ഷേമ വിഭാഗത്തിന്റെ മുൻഡയരക്ടർ കൂടിയായിരുന്നു പത്മനാഭൻ. ബ്രണ്ണനിലെതന്നെ പൂർവ്വ വിദ്യാർത്ഥിയും തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനുമായ ബൈജു മാത്യു ആണ് സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈനാർട്സിലെ വിദ്യാർത്ഥികളാണ് സംഘത്തിൽ. ലാസ്യ കോളേജ് ഓഫ് ഫൈനാർട്സിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപികയുമായ ഹരിത തമ്പാനാണ് കോറിയോഗ്രഫി. ഇന്ന് രാവിലെ സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനവേദിയിലാണ് ആണ്ടല്ലൂർ കാവും കാറ്റും തലശ്ശേരി രുചിയും സർക്കസ്സും നിറയുന്ന പൈതൃകനൃത്തശില്പം അരങ്ങേറുന്നത്.

കലോത്സവ ഉദ്ഘാടനം ഇന്ന് തലശ്ശേരി: ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 11മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാലൻ വേദിയൊന്ന് ഗീതാഞ്ജലിയിൽ വെച്ച് നിർവഹിക്കും കണ്ണൂർ സർവ്വകലാശാല വി സി പ്രൊ ഗോപിനാഥ് രവീന്ദ്രൻ, യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോ. നഫീസ ബേബി, ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ: സി ബാബുരാജ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ പങ്കെടുക്കും.