അമ്മയുടെ നടയിൽ മുഴങ്ങുന്നത് രഞ്ജിനിയുടെ ശബ്ദം

Saturday 04 March 2023 4:47 AM IST

തിരുവനന്തപുരം: 'സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്‌തുതേ'

ആറ്റുകാലമ്മയുടെ തിരുനടയിൽ ദേവീ സ്‌തുതി മുഴങ്ങുമ്പോഴെല്ലാം കരമന കാലടി സുരസരോജത്തിലിരുന്ന് രഞ്ജിനി സുധീരൻ അഭിമാനം കൊള്ളുകയാണ്. 22 വർഷം മുമ്പ് 19ാമത്തെ വയസിൽ രഞ്ജിനി ആലപിച്ച സ്‌തുതിയാണ് ഇന്നും ദേവിയുടെ തിരുനടയിൽ മുഴങ്ങിക്കേൾക്കുന്നത്.

നെടുമങ്ങാട്, ആനാട് സ്വദേശിയായ രഞ്ജിനി 40 മിനിട്ട് നീളുന്ന ആറ്റുകാൽ സുപ്രഭാതം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ ശിഷ്യയാണ്. രണ്ട് വർഷത്തിനുശേഷമാണ് ആറ്റുകാലംബ മന്ത്രം എന്ന കാസറ്റിനുവേണ്ടി ദേവീസ്‌തുതി പാടിയത്. എം. ജയദേവനായിരുന്നു സംഗീതം. 2002ൽ ആദ്യമായി ആറ്റുകാലിൽ പൊങ്കാലയിടാനെത്തി. രണ്ട് മാസത്തിനുള്ളിൽ കാലടിയിലുള്ള സുധീരന്റെ വിവാഹാലോചന വന്നു. വിവാഹത്തിന് മണ്ഡപം ലഭിച്ചതും ആറ്റുകാലിലായിരുന്നു. 'ആറ്റുകാലിൽ വാഴുമമ്മ' എന്ന ഏറ്റവും പുതിയ ദേവീ സ്‌തുതി ആലപിച്ചതും സംഗീതമൊരുക്കിയതും രഞ്ജിനി തന്നെയാണ്.

തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്ന് രഞ്ജിനി പറയുന്നു. ആർ.ശ്രീനിവാസൻ സംവിധാനം ചെയ്‌ത മാടൻ എന്ന ചിത്രത്തിൽ മൂന്ന് പാട്ടുകളൊരുക്കി സ്വതന്ത്ര സംഗീത സംവിധായികയുമായി. ഭർത്താവ് സുധീരൻ ദുബായിലാണ്. മക്കളായ പ്ളസ് ടു വിദ്യാർത്ഥിനി ഹർഷ നായരും ആറാം ക്ളാസുകാരി ഹർഷിത നായരും അമ്മയുടെ പാട്ടിന് കൂട്ടായുണ്ട്.