വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ച സംഭവം: ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ

Saturday 04 March 2023 12:49 AM IST

കൊച്ചി: ഹോസ്റ്റലിലെത്താൻ ഒരുമിനിട്ട് വൈകിയെന്ന് ആരോപിച്ച് പുറത്തുനിറുത്തിയ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. തേവര എസ്.എച്ച് കോളേജ് വിദ്യാർത്ഥിനികൾ താമസിക്കുന്ന പ്രതിഭ ഹോസ്റ്റലിന്റെ വാർഡൻ റെനി ജോസഫിനെതിരെയാണ് നടപടി. അദ്ധ്യാപകൻ മധുസൂദനന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഒന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയും ഇടുക്കി ബൈസൺവാലി സ്വദേശിയുമായ ഡെൽനയെ തെരുവുനായ ആക്രമിച്ചത്. നെറ്റിയിൽ പരിക്കേറ്റു. അതേസമയം, വിദ്യാർത്ഥിനി പൊലീസിലോ കോളേജ് മാനേജ്മെന്റിനോ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.

വൈകിട്ട് 6.30ന് മുമ്പ് ഹോസ്റ്റലിലെത്തണമെന്നാണ് ചട്ടം. കെമിസ്ട്രി വകുപ്പിന്റെ ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥിനിയും സഹാപാഠികളും 6.31ന് ഹോസ്റ്റലിലെത്തി. എന്നാൽ അകത്തുകയറ്റാൻ വാർഡൻ തയ്യാറായില്ല. ഏറെനേരം പുറത്തെ വരാന്തയിലിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ ഹോസ്റ്റൽ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അന്തേവാസികളായ പി.ജി വിദ്യാർത്ഥിനികളാണ് ആശുപത്രിയിലെത്തിച്ചത്.

അതേസമയം, വിദ്യാർത്ഥികൾ വൈകിയെത്തുമെന്ന് വാർഡനെ അറിയിച്ചില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ അറിയിച്ചിരുന്നതായി കുട്ടികൾ പറഞ്ഞു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെയാണ് ഇന്നലെ പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്ന് വാർഡനെതിരെ നടപടിയെടുത്തത്. ഹോസ്റ്റൽ പ്രവേശന സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവും അതിനിടെ ശക്തമായി. രാത്രി എട്ടു വരെയാക്കണമെന്നാണ് ആവശ്യം.