സി ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം; സിപിഎം നേതാവിനെതിരെ കേസെടുത്തു

Saturday 04 March 2023 1:12 AM IST

തിരുവനന്തപുരം: സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം നടത്തിയ സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുത്തു. ഇക്കഴിഞ്ഞ ജൂണിൽ ഇടതുപക്ഷമുന്നണി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെയാണ് ജയദേവൻ, സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയത്. ഇപ്പോൾ മാറനല്ലൂർ സി.ഐയായ എസ്.സന്തോഷ് കുമാറിനെതിരെയായിരുന്നു പ്രസ്താവന. അദ്ദേഹം അന്ന് നെടുമങ്ങാട് സി.ഐയായിരുന്നു.

ജയദേവൻനായരുടെ പ്രസംഗത്തിന്റെ ശബ്ദരേഖയുൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയും പരിപാടി ലൈവ് ടെലികാസ്റ്റ് ചെയ്ത ടെലിവിഷൻ ചാനൽ റിപ്പോർട്ടർമാരുൾപ്പെടെയുള്ളവരെ സാക്ഷികളാക്കിയും അഡ്വ.അജിതാ വി.കെ.നായർ മുഖേന ഫയൽചെയ്ത സി.എം.പിയിലാണ് കോടതി കേസ് രജിസ്റ്റർ ചെയ്തത്. സി.ഐക്കൊപ്പം നേതാവിന്റെ അധിക്ഷേപങ്ങൾക്കിരയായ എസ്.ഐ വിക്രമാദിത്യനും കേസിലെ സാക്ഷിയാണ്. ചാനലുകൾ ലൈവ് ടെലികാസ്റ്റിംഗ് നടത്തിയ പരിപാടിയിൽ സി.ഐയെ കൈക്കൂലിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസ് തുടർനടപടിക്കായി മാറ്റിയ കോടതി പ്രതിക്ക് സമൻസ് നൽകാൻ ഉത്തരവിട്ടു.