എട്ട് കോടി പിടിച്ചെടുത്തു, ബി.ജെ.പി എം.എൽ.എക്ക് വേണ്ടി കോഴ വാങ്ങിയ മകൻ അറസ്റ്റിൽ

Saturday 04 March 2023 1:43 AM IST

കർണാടക സർക്കാർ വെട്ടലായി

എം.എൽ.എ വിരൂപാക്ഷപ്പ ഒളിവിൽ

ബംഗളൂരു: തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കുന്ന കർണാടകയിൽ ബി. ജെ. പി സർക്കാരിനെ വെട്ടിലാക്കി, പാർട്ടി എം.എൽ.എ മാഡൽ വിരൂപാക്ഷപ്പയും മകൻ പ്രശാന്ത് മാഡലും

വൻകോഴക്കേസിൽ കുടുങ്ങി. നാൽപ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്ത് മാഡലിനെ വ്യാഴാഴ്ച ലോകായുക്ത അഴിമതി നിരോധന വിഭാഗം അറസ്റ്റ് ചെയ്‌തു. പ്രശാന്തിന്റെ വീട്

ഓഫീസും റെയ്ഡ് ചെയ്‌ത് ആറ് കോടി രൂപയും വിരൂപാക്ഷപ്പയുടെ ഓഫീസിൽ നിന്ന് രണ്ട് കോടി രൂപയും പിടിച്ചെടുത്തു. ചന്നാഗിരി എം.എൽ.എയായ വിരൂപാക്ഷപ്പയെ മുഖ്യപ്രതിയാക്കി ലോകായുക്ത കേസെടുത്തു. വിരൂപാക്ഷപ്പ ഒളിവിൽ പോയി.

മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന സർക്കാർ സ്ഥാപനമായ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.എൽ) ചെയർമാനായിരുന്നു വിരൂപാക്ഷപ്പ. കേസിനെ തുടർന്ന് സ്ഥാനം രാജിവച്ചു. അസംസ്കൃത വസ്തുക്കൾ സപ്ലൈ ചെയ്യുന്ന കരാറുകാരനിൽ നിന്ന് പിതാവിന് വേണ്ടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പ്രശാന്ത് അറസ്റ്റിലായത്. 40ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. അത് വിലപേശി 30ശതമാനമായി കുറച്ചു. അതിന്റെ ഒരു ഗഡുവായാണ് 40 ലക്ഷം വാങ്ങിയത്.

ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്‌റേജ് ബോർഡിൽ ചീഫ് അക്കൗണ്ടന്റാണ് പ്രശാന്ത് മാഡൽ. സ്വന്തം ഓഫീസിൽ വച്ചാണ് കൈക്കൂലി വാങ്ങിയത്.

കുടുംബത്തിനെതിരെ ഗൂഢാലോചനയുണ്ടെന്നും ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുന്നെന്നും എംഎൽ.എ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തെഴുതി.

ഇവരടക്കം അഞ്ച് പേരാണ് പ്രതികളെന്ന് ലോകായുക്ത കോടതിയിൽ നല്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് എം.എൽ.എ ഒളിവിൽ പോയത്.

ചെയർമാനായ പിതാവിന് വേണ്ടി മകൻ പണം വാങ്ങുന്നെന്നും ബി.ജെ.പിയുടെ അഴിമതി കൂട്ടുകെട്ടാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജെവാല പ്രതികരിച്ചു.

Advertisement
Advertisement