വൈകൽ പതിവാക്കി കേരള എക്‌സ്‌പ്രസ്

Saturday 04 March 2023 12:57 AM IST

കടുത്തുരുത്തി: ന്യൂഡൽഹി - തിരുവനന്തപുരം കേരള എകസ്‌പ്രസിന്റെ മണിക്കൂറുകൾ വൈകിയുള്ള വരവിൽ ദുരിതം പേറി യാത്രക്കാർ. രണ്ടു മാസമായി ഇതാണവസ്ഥ. ഇതുകാരണം വൈക്കത്ത് നിന്നുള്ള തിരുവനന്തപുരം ഭാഗത്തേക്കടക്കം യാത്രചെയ്യുന്നവർ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്.

എറണാകുളത്ത് നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന കേരള എകസ്‌പ്രസ് വൈക്കത്തേക്കുള്ള സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്ന വലിയ വിഭാഗം യാത്രക്കാരുടെ ഏക ആശ്രയമാണ്. നിലവിൽ കേരള എക്‌സ്‌പ്രസ് കഴിഞ്ഞാൽ 6.15ന് പുറപ്പെടുന്ന മെമുവാണ് വൈക്കം റോഡ് സ്റ്റേഷനിലേക്ക് എറണാകുളത്ത് നിന്നുള്ള ഏക സർവീസ്. വൈക്കത്ത് നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്കുള്ള ഏക ട്രെയിനാണ് കേരള എക്‌സ്‌പ്രസ്.

 വേണാടിന് സ്റ്റോപ്പ് വേണം

കേരളയുടെ വരവ് കാരണം ഉയർന്ന തുക നൽകി സൂപ്പർഫാസ്റ്റ് സീസൺ ടിക്കറ്റടക്കം എടുത്ത നിരവധി യാത്രക്കാരും വിദ്യാർത്ഥികളും അദ്ധ്യാപകരും വലഞ്ഞു. കേരള വൈകി എത്തുന്ന ദിവസങ്ങളിൽ താത്കാലികമായി വേണാട് എക്‌സ്‌പ്രസ് ട്രെയിനിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചാൽ തൃശൂർ മുതൽ വൈക്കം വരെയും, വൈക്കം മുതൽ തിരുവനന്തപുരം വരെയുമുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും. കേരള എക്‌സ്‌പ്രസ് സമയക്രമം പാലിക്കണമെന്നും വേണാടടക്കമുള്ള കൂടുതൽ ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്‌സ് ഫോറം റെയിൽവേ അധികൃതർക്ക് പരാതി നൽകി.