സപ്ളൈകോ ഗോഡൗണുകളിൽ പരിശോധന; കൈകാര്യ കിഴിവിൽ ഇനി കള്ളത്തരം കാട്ടിയാൽ 'അളന്നുതൂക്കി' നടപടി!

Saturday 04 March 2023 12:14 AM IST

ആലപ്പുഴ: റേഷൻ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്ന ജില്ലയിലെ സപ്ലൈകോ ഗോഡൗണുകളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തെ സ്റ്റോക്കെടുപ്പിന് മുന്നോടിയെന്നോണമാണ് ആറു താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ച് പരിശോധന നടത്തുന്നത്.

അന്വേഷണ റിപ്പോർട്ട് ഇന്ന് താലൂക്ക് തല പരിശോധന സംഘം ജില്ലാ സപ്ളൈ ഓഫീസർക്ക് കൈമാറും.

ഭക്ഷ്യധാന്യങ്ങൾക്ക് അനുവദിച്ചിരിക്കുന്ന കൈകാര്യക്കിഴിവിനേക്കാൾ കുറവ് പരിശോധനയിൽ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. റേഷൻ ധാന്യങ്ങളുടെ 0.20 ശതമാനമാണ് കൈകാര്യക്കിഴിവായി കണക്കാക്കുക. 50 കിലോയുള്ള ചാക്കിന് 100 ഗ്രാം എന്ന അളവിലാണ് കിഴിവ് നൽകുന്നത്. ഇതിൽ കൂടുതൽ കുറവുകണ്ടെത്തിയാൽ ഉദ്യോഗസ്ഥർ നിയമ നടപടികൾ നേരിടേണ്ടിവരും. റേഷൻ ധാന്യങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സപ്ലൈകോയ്ക്കാണ്. ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഭരണകേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടുവർഷം മുമ്പ് 150 ടൺ കുറവാണ് ഉണ്ടായത്. കൃത്യമായി സ്റ്റോക്ക് പരിശോധിക്കാത്തതും ആദ്യംവരുന്ന ധാന്യങ്ങൾ ആദ്യം വിതരണം ചെയ്യാതിരുന്നതും കുറവിന് കാരണമായി.

പരിശോധനയില്ലാത്തതാണ് ക്രമക്കേടുകൾക്ക് വഴിതെളിച്ചത്. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുമ്പോൾ ചാക്കു പൊട്ടിയും മറ്റുമാണ് കുറവു വരുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഇത് അംഗീകരിച്ചാണ് നിശ്ചിത കുറവ് കൈകാര്യക്കിഴിവായി കണക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനുശേഷമുള്ള ആദ്യപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

റേഷൻ വ്യാപാരികൾക്ക് കൈകാര്യക്കിഴിവില്ല

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ കൈകാര്യക്കിഴിവ് ഏർപ്പെടുത്തിയതോടെ റേഷൻ കടക്കാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു. റേഷൻകടകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യം പലപ്പോഴും തൂക്കത്തിൽ കുറവാണ്. തൂക്കി നൽകാൻ വാതിൽപ്പടി വിതരണക്കാർ തയ്യാറാകാറില്ല. അതിനാൽ, കുറവുവരുന്ന ധാന്യങ്ങളുടെ ബാദ്ധ്യതയിൽ നിന്നൊഴിവാകാൻ കൈകാര്യക്കിഴിവ് വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.

താലൂക്ക്തല പരിശോധന സംഘത്തിന്റെ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് ലഭ്യമാകും. തുടർന്ന് പൊതുവിതരണവകുപ്പിന് അടുത്ത ദിവസം കൈമാറും

ടി.ഗാനദേവി, ജില്ലാ സപ്ളൈ ഓഫീസർ