പിക്കപ്പ് വാൻ തട്ടി ലെവൽക്രോസ് തകർന്നു, ഗതാഗതക്കുരുക്ക്
Saturday 04 March 2023 12:15 AM IST
അമ്പലപ്പുഴ: അടച്ചിട്ടിരുന്ന റെയിൽവെ ക്രോസ് ബാർ പിക്കപ്പ് വാൻ തട്ടി തകരാറിലായി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവെ ലെവൽ ക്രോസിൽ ഇന്നലെ രാത്രി 7ഓടെ ആയിരുന്നു സംഭവം.
കൊച്ചുവേളി എക്സ്‌പ്രസ് കടന്നു പോകാൻ അടച്ച ക്രോസിൽ തിരുവല്ല ഭാഗത്തു നിന്നെത്തിയ പിക്കപ്പ് വാൻ തട്ടുകയായിരുന്നു. ഇതോടെ ക്രോസ് ബാർ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. സിഗ്നൽ സംവിധാനവും തകരാറിലായതിനെ തുടർന്ന് എൻജിനീയറിംഗ് ടീം എത്തിയാൽ മാത്രമേ തകരാർ പരിഹരിക്കാനാവൂ എന്ന് റെയിൽവെ അധികൃതർ അറിയിച്ചു. എ-സി റോഡ് പുനർനിർമ്മാണം നടക്കുന്നതിനാൽ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ വാഹനങ്ങളുടെ വൻ തിരക്കാണിപ്പോൾ. ഇതോടെ ഇരു ഭാഗങ്ങളിൽ നിന്നും വന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. അമ്പലപ്പുഴ പൊലീസ് എത്തി വാഹനങ്ങൾ മറ്റു റോഡുകളിലൂടെ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.