കാർ മീഡിയനിലേക്ക് ഇടിച്ചു കയറി

Saturday 04 March 2023 12:18 AM IST

4പേർക്ക് പരിക്ക്

തുറവൂർ: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വി​ട്ട കാർ ദേശീയപാതയി​ലെ മീഡിയനിലേക്ക് ഇടിച്ചു കയറി . കാറി​ലുണ്ടായി​രുന്ന കുടുംബാംഗങ്ങളായ 4 പേർക്ക് പരിക്കേറ്റു. കാർ പൂർണമായി തകർന്നു.

കാർ ഓടിച്ചിരുന്ന തൃക്കാക്കര കല്ലുങ്കൽ വീട്ടിൽ റഹീം (54), ഭാര്യ ഷീജ (46),മരുമകൾ ഫാസില (21) ,ഫാസിലയുടെ 10 മാസം പ്രായമുള്ള മകൾ നിഷാന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എരമല്ലൂർ മോഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആലപ്പുഴയി​ൽ നിന്ന് തൃക്കാക്കരയിലേക്ക് പോവുകയായിരുന്ന ഹ്യൂണ്ടായി ഇയോൺ കാറാണ് അപകടത്തിൽപ്പെട്ടത്. മീഡിയനിലെ സിഗ്നൽ ലൈറ്റ് തകർത്താണ് കാർ നിന്നത്. ദേശീയപാതയിൽ എരമല്ലൂർ മോഹം ആശുപത്രിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 3.40 ന് ആയിരുന്നു അപകടം . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡിന് മദ്ധ്യത്തിൽ കുറുകെ കിടന്ന കാർ അരൂരി​ൽ നി​ന്ന് അഗ്നിശമന സേനയെത്തി നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.