തുടരുന്നു സെമി പോരാട്ടങ്ങൾ

Saturday 04 March 2023 12:30 AM IST

അടുത്ത കൊല്ലം ഈ സമയമാകുമ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള അസംബ്ളി തിരഞ്ഞെടുപ്പുകളെല്ലാം സെമി പോരാട്ടങ്ങളാണ്. അതിനാൽ കഴിഞ്ഞവർഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പായിരുന്നു സെമിഫൈനലിന്റെ തുടക്കം. കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളിൽ ഇക്കൊല്ലവും അടുത്തവർഷം ആദ്യവുമായി നടക്കാനിടയുള്ള അസംബ്ളി തിരഞ്ഞെടുപ്പുകൾ പാർട്ടികളുടെ പ്രകടനത്തിന്റെ അളവുകോലാകുന്ന സെമിമത്സരങ്ങളാണ്. അതിർത്തി നിർണയം പൂർത്തിയായ ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും ഇതിനിടയിൽ വരാനുണ്ട്.

ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പ് മാരത്തോണിന്റെ ആദ്യ എപ്പിസോഡ് ത്രിപുരയിലും നാഗലാൻഡിലും മേഘാലയിലും പൂർത്തിയായപ്പോൾ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ ഇങ്ങനെ:

 ബി.ജെ.പി 2018ൽ നിന്ന് വലിയ മാറ്റമൊന്നുമില്ലാതെ കുതിക്കുന്നു.

 പ്രതിപക്ഷത്ത് കോൺഗ്രസ് പഴയ പ്രതാപത്തിലെത്താൻ ഇനിയുമേറെ മാറണം. മതേതര കക്ഷികളുമായി ചേർന്നുള്ള പോരാട്ടം പോലും ബി.ജെ.പിക്ക് ഭീഷണിയാകുന്നില്ല.

 ബദലാവാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമങ്ങൾ വലിയ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും കണ്ടില്ലെന്ന് നടിക്കാനാകില്ല.

 ചില സംസ്ഥാനങ്ങളിൽ ദേശീയകക്ഷികളെക്കാൾ പ്രാദേശിക കക്ഷികളുടെ സ്വാധീനം നിർണായകം.

2023ലും 2024ന്റെ തുടക്കത്തിലുമായി നടക്കാനുള്ള ഏഴ് സംസ്ഥാനങ്ങളിലെ സാഹചര്യം ഇങ്ങനെ വിലയിരുത്താം:

 കർണാടക, മധ്യപ്രദേശ്,രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്നു.

 മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് രണ്ടുകക്ഷികളുടെയും എതിരാളി. കർണാടക പോരാട്ടങ്ങളിൽ ജെ.ഡി.എസും.

 ജമ്മുകാശ്‌മീരിൽ ഫറൂഖ് അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബാ മുഫ്‌‌തിയുടെ പി.ഡി.പി, സി.പി.എം തുടങ്ങിയ കക്ഷികളും തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും.

മേയിൽ തെക്കു നിന്ന് തുടക്കം

ഏപ്രിലിൽ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം കഴിയുന്നതിന് പിന്നാലെ 224 അംഗ കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും.

ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ഏറെ വേരോട്ടമുള്ള സംസ്ഥാനം. 2018ൽ ഏറ്റവും വലിയ കക്ഷിയായെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ് കൂട്ടുകെട്ടിൽ വഴുതിപ്പോയ ഭരണം രാഷ്‌ട്രീയ നീക്കങ്ങളിലൂടെ തിരിച്ചുപിടിച്ചു. കർണാടകയിൽ ആദ്യമായി താമര വിരിയിക്കാൻ സഹായിച്ച യെദിയൂരപ്പയെ ഇടയ്‌ക്കുവച്ച് മാറ്റി പകരം നിയമിച്ച ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തം. യെദിയൂരപ്പയെ വീണ്ടും ആശ്രയിച്ച് നേതൃത്വം. കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും മുന്നിൽ. എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസും പിന്നോട്ടല്ല.

മദ്ധ്യദേശത്തിൽ

പോരാട്ടം കനക്കും

2018ലെ തിരഞ്ഞെടുപ്പിൽ 230 അംഗ 114 സീറ്റിൽ ജയിച്ച് ബി.എസ്.പി, എസ്.പി, സ്വതന്ത്രഅംഗങ്ങളുടെ പിന്തുണയുമായി അധികാരമേറ്റ കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 എം.എൽ.എമാരുടെ രാജിയോടെ വീണു. ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയിലും പിന്നീട് കേന്ദ്രമന്ത്രിയുമാക്കിയ രാഷ്‌ട്രീയ നീക്കങ്ങൾ. ശിവ്‌രാജ് സിംഗ് ചൗഹാൻ വീണ്ടും അധികാരത്തിൽ. കോൺഗ്രസിന് മദ്ധ്യപ്രദേശിൽ പഴയ കണക്കുകൾ തീർക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം. ബി.ജെ.പി ശിവ്‌രാജ് സിംഗ് ചൗഹാന് വീണ്ടും അവസരം നൽകുമോ?​ മറ്റൊരു നേതാവ് ഉദിക്കുമോ?​ കോൺഗ്രസ് കമൽനാഥിനെത്തന്നെ ആശ്രയിക്കുമോ?​ ദിഗ്‌വിജയ് സിംഗ് ഭീഷണിയാകുമോ.

മരുഭൂമിയിൽ

പച്ചപ്പ് തേടി

കോൺഗ്രസ് അധികാരത്തിലുള്ള വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. 2018ൽ ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുത്തതു മുതൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും യുവ നേതാവ് സച്ചിൻ പൈലറ്റിനുമിടയിലുള്ള ശീതയുദ്ധം പരിഹരിക്കാനാകാതെ വിയർപ്പൊഴുക്കുന്ന നേതൃത്വം. മറുവശത്ത് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മുൻനിറുത്തി ഭരണം തിരിച്ചുപിടിക്കാൻ ബി.ജെ.പി. വസുന്ധരയോട് ചതുർത്ഥിയാണെങ്കിലും പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് കഠാരിയയെ അസാം ഗവർണറാക്കി നേതൃത്വം വഴി സുഗമമാക്കി. 2018ൽ അധികാരം നഷ്‌ടമായെങ്കിലും ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനുമിടയിൽ അകലം ഒരു ശതമാനം മാത്രം.

റാവുവിന്റെ

കോട്ട പിടിക്കാൻ

തെലങ്കാനയുടെ സ്വന്തം നേതാവായ ചന്ദ്രശേഖര റാവുവിനെയും ബി.ആർ.എസിനെയും(പഴയ ടി.ആർ.എസ്) പുറത്താക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളാണ് അവിടുത്തെ തിരഞ്ഞെടുപ്പ് ചിത്രം. 2018ൽ തെലങ്കാനയിൽ ഒരു സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പി ത്രിപുരയിലൊരുക്കിയ തന്ത്രങ്ങളിലൂടെ വേരുറപ്പിക്കാൻ ആഞ്ഞ് ശ്രമിക്കുന്നു. ബി.ജെ.പി ആഞ്ഞടിച്ചാൽ കോൺഗ്രസ് മങ്ങും.

ഛത്തീസ്ഗഡ്

വിടുമോ കോൺഗ്രസ്

അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച് കോൺഗ്രസ്. ടി.എസ്. സിംഗ് ദിയോയുടെ വിമത നീക്കങ്ങളെ തള്ളുന്ന ദേശീയ നേതൃത്വത്തിന് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ ജനപിന്തുണയിൽ വിശ്വാസമുണ്ട്. ആദിവാസി, ഗോത്ര ഭൂരിപക്ഷ മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഭരണം പിടിച്ചെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

മിസോറാം ആരെ തുണയ്‌ക്കും ?​

കുറെക്കാലമായി കോൺഗ്രസിനും പ്രാദേശിക പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടിനുമിടയിൽ ഭരണം മാറിവരുന്ന പതിവ് മിസോറാം ഇക്കുറി മാറ്റിപ്പിടിക്കുമോ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കുന്ന ബി.ജെ.പി 2018ലെ ഒരു സീറ്റ് സമ്പാദ്യം വർദ്ധിപ്പിച്ചാൽ കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.

ആരുദിക്കും

മഞ്ഞിന്റെ നാട്ടിൽ ?​

ഡൽഹിയെപ്പോലെ പ്രത്യേക പദവിയില്ലാതെ, കേന്ദ്രഭരണ പ്രദേശത്തിന്റെ നിയന്ത്രണങ്ങളോടെ ജമ്മുകാശ്‌മീരിൽ ആരു ഭരിക്കുമെന്നറിയാൻ ഇന്ത്യ കാത്തിരിക്കുന്നു. കേന്ദ്രഭരണമുള്ളതിനാൽ ബി.ജെ.പിക്ക് ഭരിക്കാനെളുപ്പം.പക്ഷേ ഒറ്റയ്‌ക്ക് മത്സരിച്ചു നേടാനുള്ള അടിത്തറയില്ല. ഭാരത് ജോഡോ യാത്രയ്‌ക്ക് ലഭിച്ച ജനപിന്തുണയിൽ കോൺഗ്രസിന് ആത്മവിശ്വാസം. ഭരണം വീണ്ടെടുത്ത് തലപൊക്കാനൊരുങ്ങി നാഷണൽ കോൺഫറൻസും പി.ഡി.പിയും.