ആർ.എസ്.എസ്. റൂട്ട് മാർച്ചിൽ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

Saturday 04 March 2023 1:34 AM IST

ന്യൂ ഡൽഹി : തമിഴ്നാട്ടിലെ പ്രശ്‌നബാധിത മേഖലകളിലെ ആർ.എസ്.എസ്. റൂട്ട് മാർച്ചിന് വ്യവസ്ഥകളോടെ മാത്രമേ അനുമതി നൽകാൻ കഴിയുകയുളളുവെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോയമ്പത്തൂർ പോലെ ബോംബ് സ്‌ഫോടനമടക്കം നടന്ന മേഖലകളിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാകില്ലെന്ന് തീരുമാനിച്ചത് ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. പക്ഷെ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ആർ.എസ്.എസിന്റെ വാദമാണ് അംഗീകരിച്ചത്. അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.

ദലിത് പാന്തേഴ്സ് സംഘടനയ്‌ക്കും മറ്റും പ്രതിഷേധ മാർച്ചിന് അനുമതി നൽകുന്ന തമിഴ്നാട് സർക്കാർ, ആർ.എസ്.എസിനെ ഒറ്രപ്പെടുത്തിയെന്ന് മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്മലാനി തിരിച്ചടിച്ചു. തർക്കപരിഹാരത്തിന് ഫോർമുല തയാറാക്കാൻ തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് മാർച്ച് 17ലേക്ക് സുപ്രീംകോടതി മാറ്റി.

Advertisement
Advertisement