കർണാ‌ടക ഗവൺമെന്റ് കോളേജുകളിൽ പരീക്ഷയ്‌ക്ക് ഹിജാബ് : ഹർജി പ്രത്യേക ബെഞ്ചിന് വിടും

Saturday 04 March 2023 1:40 AM IST

ന്യൂ ഡൽഹി :കർണാടകയിൽ മാർച്ച് 9ന് പരീക്ഷകൾ തുടങ്ങാനിരിക്കേ, സർക്കാർ കോളേജുകളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാൻ മുസ്ലീം വിദ്യാർത്ഥിനികൾ മൂന്നാമതും സുപ്രീംകോടതിയിൽ.

ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാർച്ച് 13നാണ് തുറക്കുന്നത്. പരീക്ഷയ്‌ക്ക് പിന്നെ ദിവസങ്ങൾ മാത്രമേയുളളൂവെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ, ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാർച്ച് ഒൻപതിന് മുൻപ് വാദം കേൾക്കുമോയെന്ന് വ്യക്തമാക്കിയില്ല.

അവസാന നിമിഷമാണോ ആവശ്യം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞപ്പോൾ,​ രണ്ട് തവണ ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിച്ചതാണെന്ന് അഭിഭാഷകൻ മറുപടി നൽകി.

കേസിൽ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിട്ടും,​ സർക്കാർ കോളേജുകളിൽ ഹിജാബ് തടയുകയാണെന്ന് വിദ്യാർത്ഥിനികളുടെ ഹർജിയിൽ അറിയിച്ചിരുന്നു. ചില വിദ്യാർത്ഥിനികൾ സ്വകാര്യ കോളേജുകളിലേക്ക് പഠനം മാറ്റി. അവർക്ക് സർക്കാർ കോളേജുകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടെന്നും, അനുമതി ലഭിച്ചില്ലെങ്കിൽ ഒരു വർഷം നഷ്‌ടമാകുമെന്ന ഭീതിയുണ്ടെന്നും ഹർ‌ജിയിൽ പറയുന്നു.

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥിനികൾ അടക്കം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി രണ്ടംഗബെഞ്ചിൽ നിന്ന് ഭിന്നവിധിയുണ്ടായി. ജസ്റ്റിസ് ഹേമന്ദ് ഗുപ്‌ത ഹൈക്കോടതി വിധി ശരിവച്ചപ്പോൾ, ജസ്റ്റിസ് സുധാംശു ധൂലിയ സർക്കാർ നടപടിക്കെതിരെയാണ് നിലപാടെടുത്തത്. ഇതോടെ വിഷയം മൂന്നംഗ വിശാലബെഞ്ചിന് വിട്ടു.