മോദി നെറ്റ് പ്രാക്ടീസ് തുടങ്ങുന്ന ക്യാപ്‌ടൻ: ജയശങ്കർ

Saturday 04 March 2023 12:44 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ നയവും പ്രവർത്തനങ്ങളും വിശദീകരിക്കാൻ ക്രിക്കറ്റ് പദങ്ങൾ ഉപയോഗിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ റെയ്‌സീന ചർച്ചയിലാണ് ജയശങ്കറിന്റെ ക്രിക്കറ്റ് ഉപമ. മുൻ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറും മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ വേദിയിലുണ്ടായിരുന്നു.

ഞങ്ങൾ ക്യാപ്റ്റൻ മോദിയോടൊപ്പം രാവിലെ ആറ് മണിക്ക് നെറ്റ് പ്രാക്ടീസ് ആരംഭിക്കുകയും രാത്രി വൈകും വരെ തുടരുകയും ചെയ്യുന്നു. മികച്ച ബൗളർക്കാണ് ക്യാപ്‌ടൻ പന്തു നൽകുന്നത്. അദ്ദേഹം തന്റെ ബൗളർമാർക്ക് നിശ്ചിത സ്വാതന്ത്ര്യം നൽകുന്നുണ്ട്. അവസരം നൽകിയാൽ വിക്കറ്റ് എടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഒരു ക്രിക്കറ്റ് ടീമിനെപ്പോലെ, സ്വദേശത്ത് മാത്രമല്ല വിദേശത്തും മത്സരങ്ങൾ ജയിക്കാൻ ആഗ്രഹിക്കുന്നും വിദേശ നയം സൂചിപ്പിച്ച് ജയശങ്കർ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനം വളരെ കഠിനമായിരുന്നു എന്നും ജയശങ്കർ പറഞ്ഞു. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ അത് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. ഇന്ത്യ ബ്രിട്ടനെക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും ടോണി ബ്ലെയറിനെ നോക്കികൊണ്ട് പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടവുമായി ബന്ധപ്പെട്ട ആർ.ആർ.ആർ എന്ന ചിത്രത്തെക്കുറിച്ചും ജയശങ്കർ പരാമർശിച്ചു.