ഹോസ്റ്റൽ പ്രശ്നം: എ.ഐ.എസ്.എഫും സമരം പിൻവലിച്ചു

Saturday 04 March 2023 2:24 AM IST

തൃശൂർ: കാർഷിക സർവകലാശാലയിലെ പമ്പ ഹോസ്റ്റൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് പ്രവർത്തകർ വ്യാഴാഴ്ച രാത്രി തുടങ്ങിയ സമരം പിൻവലിച്ചു. പ്രശ്‌നപരിഹാരത്തിന് കൃഷി, റവന്യൂമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്ന ധാരണയിലാണ് സമരം പിൻവലിച്ചത്.

ഹോസ്റ്റലിൽ നിലവിലുള്ള സ്ഥിതി തുടരാൻ രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചതിനെ തുടർന്ന് കെ.എസ്.യുക്കാർ തുടങ്ങിയ സമരം വ്യാഴാഴ്ച അവസാനിപ്പിച്ചപ്പോഴാണ് എ.ഐ.എസ്.എഫ് സമരം തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാന കോളേജിലെ 23 വിദ്യാർത്ഥിനികൾ കാർഷിക കോളേജ് വിദ്യാർത്ഥിനികളുടെ മുറികൾ കൈയേറിയതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ മുതൽ പ്രശ്‌നം തുടങ്ങിയത്. തങ്ങൾക്ക് സ്വന്തമായി ഹോസ്റ്റൽ ഇല്ലെന്നും അവഗണിക്കുകയാണെന്നും അവർ പരാതിപ്പെടുന്നു. ഹോസ്റ്റൽ തങ്ങൾക്ക് മാത്രമുള്ളതാണെന്നും കാർഷിക കോളേജ് വിദ്യാർത്ഥിനികൾ ഒഴിയണമെന്നും കലാവസ്ഥാ കോളേജ് വിദ്യാർത്ഥിനികൾ പറഞ്ഞുവത്രേ. അവർ കാർഷിക കോളേജ് വിദ്യാർത്ഥികളുടെ മുറികൾ കൈയേറിയതായും പറയുന്നു. ഹോസ്റ്റലിലെത്തിയ തങ്ങളെ കാർഷിക കോളേജ് വിദ്യാർത്ഥിനികൾ പ്രതിരോധിച്ചുവെന്നാണ് കാലാവസ്ഥ കോളേജ് വിദ്യാർത്ഥിനികളുടെ വാദം.