ആറ്റുകാൽ പൊങ്കാല

Saturday 04 March 2023 2:47 AM IST

ഇന്ന് കോവലവധം, പാട്ടുപുരയിൽ ശോകം നിറയും

രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസിലെത്തിച്ച കോവലനെ പാണ്ഡ്യരാജാവ് വധശിക്ഷയ്‌ക്ക് വിധിക്കുന്നതും അത് നടപ്പിലാക്കുന്നതുമാണ് തോറ്റംപാട്ടിൽ ഇന്ന് പാടുന്നത്. പാട്ടിൽ ശോകം നിറയുന്ന രാവാണ് ഇന്നത്തേത്. ദുഃഖസൂചകമായി നാളെ രാവിലെ 7നാണ് നടതുറക്കുക. മറ്റ് ഉത്സവനാളുകളിൽ 4.30നാണ് പള്ളിയുണർത്തൽ ചടങ്ങ്. നാളെ രാവിലെ നിർമ്മാല്യദർശനം 7.30നാണ്. അഭിഷേകം കഴിഞ്ഞുള്ള ദീപാരാധന 8.30ന്.

പെൺകുട്ടികളുടെ നല്ലഭാവിക്ക് താലപ്പൊലി

പത്ത് വയസിന് താഴെ പ്രായമുള്ള പെൺകുട്ടിക്കുള്ള നേർച്ചയാണ് താലപ്പൊലി. ഐശ്വര്യത്തിനും ഭാവി ജീവിത നന്മയ്ക്കും വേണ്ടിയാണ് താലപ്പൊലി നേർച്ചയായി നടത്തുന്നത്. പൊങ്കാല ദിവസം രാവിലെയാണ് താലപ്പൊലി ആരംഭിക്കുക. കുട്ടികൾ പുതുവസ്ത്രമണിഞ്ഞ് തലയിൽ പുഷ്‌പകിരീടം ചൂടി ദേവിയുടെ മുന്നിൽ താലവുമായി എത്തുന്നതാണ് താലപ്പൊലി. താലപ്പൊലിക്കാർക്കുള്ള ടിക്കറ്റുകൾ 100 രൂപ നിരക്കിൽ ക്ഷേത്രത്തിന്റെ കൗണ്ടറിൽ നിന്ന് ലഭിക്കും.

കുടുംബശ്രേയസിന് ഭഗവതിസേവ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൂജകളിൽ വിശേഷപ്പെട്ടതാണ് ഭഗവതി സേവ. രോഗദുരിതങ്ങൾക്കും ദാരിദ്ര്യദുഃഖാദികൾക്കും പരിഹാരം ലഭിക്കുന്നതിന് ഭഗവതി സേവ സഹായിക്കുമെന്നാണ് വിശ്വാസം. ഉന്നതിക്കും കുടുംബശ്രേയസിനും സന്താനലബ്ദിക്കും ഉദ്ദിഷ്ട കാര്യപ്രാപ്‌തിക്കും ഉപകരിക്കുന്ന ദേവീപൂജയാണിത്. എന്നും രാത്രി 7.15നാണ് ഭഗവതി സേവ. സഹസ്രനാമം ചൊല്ലി ദേവിയെ പൂജിക്കുന്ന രീതിയാണ് ഭഗവതിസേവയിലുള്ളത്. സ്വസ്‌തിക പത്മമിട്ട് അല്ലെങ്കിൽ അഷ്ടദള പത്മമിട്ട് നെയ്‌വിളക്ക് കത്തിച്ച് ചുവന്ന പട്ടും വെള്ളപ്പട്ടും ചാർത്തി സാത്വിക പുഷ്‌പങ്ങളാൽ ദേവിയെ പൂജിക്കുന്നു.