മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ ഭരണാനുകൂല സംഘടനയും
- സൂപ്രണ്ട് ഇൻ ചാർജിനെതിരെ കേസ്
തൃശൂർ : കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തിൽ അന്വേഷണം നേരിടുന്നതിനിടെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ചുമതലയുള്ളയാൾക്കെതിരെ ഭരണാനുകൂല സംഘടനയും രംഗത്ത്. ഗവ.നഴ്‌സസ് അസോസിയേഷന്റെ നേതാക്കൾ സൂപ്രണ്ട് ഇൻ ചാർജിനെതിരെ നൽകിയ പരാതികളും തിരിച്ച് സൂപ്രണ്ട് നൽകിയ പരാതികളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് അസോസിയേഷൻ രംഗത്തെത്തിയത്.
വ്യാജ ആരോപണങ്ങളുന്നയിച്ച് അസോസിയേഷൻ നേതാക്കളെ തെരഞ്ഞു പിടിച്ച് മാനസികമായി തളർത്താനാണ് സൂപ്രണ്ടിന്റെ ചുമതലക്കാരി നിഷ എം.ദാസ് ശ്രമിക്കുന്നതെന്ന് അസോസിയേഷൻ നേതാക്കളായ സി.ബി.അനീഷ, എം.എ.ഷീല എന്നിവർ പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. ഔദ്യോഗിക പരാതികൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്നും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇവർ പരാതിയിൽ പറയുന്നു. മേയ് 31ന് വിരമിക്കാനിരിക്കുന്ന നഴ്‌സിംഗ് സൂപ്രണ്ട് രാധാമണി സംഘടനയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിനീയർ നഴ്‌സിംഗ് ഓഫീസർ ഉഷാറാണി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
സൂപ്രണ്ട് ഇൻ ചാർജ്ജടക്കം 6 പേർക്കെതിരെ കേസ്
ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച സംഭവത്തിൽ സൂപ്രണ്ട് ഇൻചാർജ് ഡോ.നിഷ എം.ദാസ്, ആർ.എം.ഒ ഡോ.എ.എം.രൺദീപ്, ഓഫീസ് ക്ലാർക്ക് രജനീഷ്, ജെ.സി.ബിയുടെ ഉടമസ്ഥൻ, ഡ്രൈവർ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവരുടെ പേരിലാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കെട്ടിടം പൊളിച്ച സംഭവത്തിൽ ചുമതലപ്പെട്ടവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി മെഡിക്കൽ കോളേജ് പൊലീസിനോട് ഉത്തരവിട്ടിരുന്നു. ആശുപത്രി വികസന സമിതിയുടെയോ, കളക്ടറുടെയോ നിർദ്ദേശം കൂടാതെ പൊളിച്ച് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം സി.വി.കുര്യാക്കോസാണ് പരാതി നൽകിയത്. പരാതിക്കാരനായി അഡ്വ.ഇ.കെ.മഹേഷ് ഹാജരായി.
8 മാസമായി സ്ഥിരം സൂപ്രണ്ടില്ല
എട്ട് മാസമായി സ്ഥിരം സൂപ്രണ്ടില്ലാത്തതിനാൽ ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ചുമതല. ആശുപത്രിക്ക് നാഥനില്ലാതായതോടെ ജീവനക്കാർ തമ്മിൽ പോരും പോർവിളിയും പരാതികളുമാണ്. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജും പരാതിക്കാരിയായി. മെഡിക്കൽ കമ്മിഷൻ നിർദ്ദേശിക്കുന്ന യോഗ്യതയുള്ള സൂപ്രണ്ടിനെ നിയമിക്കാനുള്ള നടപടികളുമില്ല. സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മെഡിക്കൽ കമ്മിഷന്റെ കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച പരിശോധനയിൽ ഒരു മുതിർന്ന ഡോക്ടറെയാണ് രേഖകളിൽ സൂപ്രണ്ടായി കാണിച്ചത്.