കാപിറ്റൽ ആക്രമണം: ട്രംപിനെതിരെ കേസെടുക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

Saturday 04 March 2023 6:40 AM IST

വാഷിംഗ്ടൺ: 2021 ജനുവരി ആറിന് നടന്ന കാപിറ്റൽ ആക്രമണ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിലാണ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേസിൽ ട്രംപ് കുറ്റക്കാരനാണോ അല്ലയോ എന്ന് വ്യക്തമാക്കുകയല്ല തങ്ങളെന്നും ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാരും 11 നിയമനിർമ്മാക്കളും സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിൽ കോടതി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ അഭിപ്രായം തേടുകയായിരുന്നു. ഒരു പ്രസിഡന്റിന് ഓഫീസിലെ തന്റെ ഔദ്യോഗിക പ്രവൃത്തികൾക്ക് നിയമ പരിരക്ഷ ലഭിക്കുമെങ്കിലും ഔദ്യോഗിക ചുമതലകൾക്ക് പുറത്ത് നടക്കുന്നവയ്ക്ക് ലഭിക്കില്ലെന്ന് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിച്ചു.

ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ മുമ്പ് അന്വേഷണം നടത്തിയ കോൺഗ്രസ് പാനൽ ഡിസംബറിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ശുപാർശ ചെയ്തിരുന്നു. 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടതോടെയാണ് ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റലിന് നേരെ ആക്രമണം നടത്തിയത്.

Advertisement
Advertisement