ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു: രാഹുൽ ഗാന്ധി
ലണ്ടൻ: ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബ്രിട്ടണിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചത്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ തന്റെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
റെക്കാഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഇന്റലിജൻസ് ഓഫീസർമാർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
താനുൾപ്പെടെ വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിൽ പെഗാസസ് ഉണ്ടായിരുന്നു. കടുത്ത സമ്മർദ്ദം നേരിട്ടു. പ്രതിപക്ഷത്തിനെതിരെ കേസുകൾ ചുമത്തുന്നു. ഒരു തരത്തിലും ക്രിമിനൽ കുറ്റം ചുമത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും കുറ്റം ചുമത്തി. ഇവയെ പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്.
രാജ്യത്ത് പാർലമെന്റിനും മാദ്ധ്യമങ്ങൾക്കും ജുഡിഷ്യറിക്കും മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ത്യൻ ജനാധിപത്യം സമ്മർദ്ദത്തിലാണെന്നും ആക്രമണം നേരിടുന്നുണ്ടെന്നും വാർത്തകളിൽ വന്നതാണ്. താൻ പ്രതിപക്ഷ നേതാവാണ്. തങ്ങൾ പ്രതിപക്ഷത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു.
പാർലമെന്റ്, സ്വതന്ത്ര മാദ്ധ്യമങ്ങൾ, ജുഡിഷ്യറി തുടങ്ങി ജനാധിപത്യത്തിന് ആവശ്യമായ എല്ലാ ചട്ടക്കൂടുകളും പരിമിതമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.