യോഗത്തിൽ കൈലാസ പ്രതിനിധികളുടെ സാന്നിദ്ധ്യം, വിശദീകരണവുമായി യു.എൻ

Saturday 04 March 2023 6:43 AM IST

ജനീവ: കുപ്രസിദ്ധ സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന ' യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് കൈലാസ " എന്ന സാങ്കല്പിക രാജ്യത്തിന്റെ പ്രതിനിധികൾ ഐക്യരാഷ്ട്ര സംഘടന ( യു.എൻ ) സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ വിശദീകരണവുമായി അധികൃതർ.

കൈലാസയുടെ പ്രതിനിധിയായി പങ്കെടുത്ത മാ വിജയപ്രിയ നിത്യാനന്ദ യോഗത്തിൽ നടത്തിയ പരാമർശങ്ങൾ അപ്രസക്തമാണെന്നും ഇവ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കിയെന്നും യു.എൻ മനുഷ്യാവകാശ കമ്മിഷണർ അറിയിച്ചു.

2010ൽ പീഡനക്കേസിൽ കർണ്ണാടകയിൽ അറസ്റ്റിലായ നിത്യാനന്ദ ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് അനുയായികൾ ഗുജറാത്ത് പൊലീസിന്റെ പിടിയിലായതിന് പിന്നാലെ 2018ൽ ഇന്ത്യവിട്ട നിത്യാനന്ദ കൈലാസ എന്ന പേരിൽ സ്വന്തമായി രാജ്യം സ്ഥാപിച്ചതിന് പിന്നാലെ വാർത്തകളിൽ ഇടംനേടി. ഇക്വഡോർ തീരത്താണ് കൈലാസയെന്ന ദ്വീപുള്ളതെന്ന് പറയപ്പെടുന്നു.

കൈലാസയെ ലോകത്ത് ഒരു രാജ്യവും ഇതേവരെ അംഗീകരിച്ചിട്ടില്ല. നിത്യാനന്ദയുടെ പേരിൽ ഇന്റർപോളിന്റെ തെരച്ചിൽ നോട്ടീസുണ്ട്. തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്.

 യോഗത്തിൽ പങ്കെടുത്തത് എങ്ങനെ ?

ഫെബ്രുവരി 24ന് ജനീവയിൽ നടന്ന യു.എന്നിന്റെ മേൽനോട്ടത്തിലുള്ള സി.ഇ.എസ്.സി.ആറിന്റെ ( കമ്മിറ്റി ഓൺ ഇക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ് ) സുസ്ഥിര വികസനത്തെ കുറിച്ചുള്ള പൊതുചർച്ചയിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള മറ്റൊരു പൊതുചർച്ചയിലുമാണ് കൈലാസ പ്രതിനിധികൾ പങ്കെടുത്തത്.

രജിസ്​റ്റർ ചെയ്യുന്ന ആർക്കും യോഗത്തിൽ പങ്കെടുക്കാമായിരുന്നു. തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി അംഗരാജ്യങ്ങൾക്കോ ഏതെങ്കിലും സംഘടനകൾക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ തോന്നിയാൽ അവർക്ക് തങ്ങളെ സമീപിക്കാമെന്നാണ് സി.ഇ.എസ്.സി.ആറിലെ ചട്ടം.

യു.എൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ കൈലാസ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. എൻ.ജി.ഒ ആയിട്ടാണ് കൈലാസ സംഘം പരിപാടിയിൽ പങ്കെടുത്തത്. യോഗത്തിൽ തന്റെ പ്രതിനിധികൾ പങ്കെടുത്തതിന്റെ ചിത്രം നിത്യാനന്ദ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

 വിജയപ്രിയ പറഞ്ഞത്

ഹിന്ദുമതത്തിന്റെ ആദ്യ പരമാധികാര രാഷ്ട്രമാണ് ' കൈലാസ " എന്നാണ് മാ വിജയപ്രിയ യോഗത്തിൽ അവകാശപ്പെട്ടത്. രാഷ്ട്രത്തിന്റെ സ്ഥാപകനായ നിത്യാനന്ദ ഹിന്ദുമതത്തിലെ ആത്മീയ ആചര്യനാണെന്നും പരമോന്നത നേതാവുമാണെന്നും അദ്ദേഹത്തെ ഇന്ത്യ വേട്ടയാടുന്നെന്നും അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്നും വിജയപ്രിയ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം രാജ്യങ്ങളിൽ കൈലാസയുടെ എംബസികളും എൻ.ജി.ഒകളും ഉണ്ടെന്നാണ് വിജയപ്രിയയുടെ അവകാശവാദം. കൈലാസയുടെ സ്ഥിരം യു.എൻ അംബാസഡറായാണ് വിജയപ്രിയ സ്വയം വിശേഷിപ്പിച്ചത്. ഇവരുടെ പ്രസ്താവനകളോട് യോഗത്തിൽ പങ്കെടുത്ത ആരും പ്രതികരിച്ചില്ലെന്നാണ് വിവരം.

Advertisement
Advertisement