50,000 രൂപ ചോദിച്ചിട്ട് നൽകിയില്ല; അബുദാബിയിൽ മലയാളിയെ ബന്ധു കുത്തിക്കൊന്നു

Saturday 04 March 2023 2:52 PM IST

അബുദാബി: ചോദിച്ച പണം നൽകാത്തതിന് മലപ്പുറം സ്വദേശിയെ ബന്ധു കുത്തിക്കൊന്നു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ കുത്തേറ്റ് മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുമ്പ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്. ശമ്പളം നൽകിയതിന് പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റ് രണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

മൂന്നുപേരും പുറത്തേയ്ക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവീഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. തുടർന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസർ. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്.