ചികിത്സതേടുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. പകർച്ചപ്പനിയിൽ പകച്ച് .

Sunday 05 March 2023 12:50 AM IST

കോട്ടയം . കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പകർച്ചപ്പനി പടർന്ന് പിടിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിക്കുന്നു. ഡോക്ടറുടെ ഫീസും മരുന്നുകൾക്കുമായി സ്വകാര്യ ആശുപത്രികൾ 500 മുതൽ 1000 രൂപവരെയാണ് ഈടാക്കുന്നത്. കുറഞ്ഞത് രണ്ടാഴ്ചവരെ പനിയും തൊണ്ടവേദനയും മൂക്കൊലിപ്പും ചുമയും ശ്വാസംമുട്ടലും ശരീരവേദനയും നീണ്ടു നിൽക്കും. ഭേദമായാലും കുട്ടികളിലും മുതിർന്നവരിലുമടക്കം വീണ്ടും പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ദിവസവും ശരാശരി അഞ്ഞൂറിലേറെപ്പേർ പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ ഇരട്ടി സ്വകാര്യ ആശുപത്രികളിലാണ് എത്തുന്നത്. 200 മുതൽ 400 രൂപ വരെയാണ് സ്വകാര്യ ആശുപത്രി നിലവാരമനുസരിച്ച് ഡോക്ടറെ ഒരു തവണ കാണുന്നതിനുള്ള ഫീസ്. മൂന്നുമാസ കാലാവധിയുള്ള രജിസ്ടേഷൻ കാർഡിന് 100 രൂപ വരെ ഈടാക്കും. ആന്റിബയോട്ടിക്കും സിറപ്പും മറ്റു ഗുളികകളുമടക്കം ഒരു കെട്ട് മരുന്നിന്റെ വില കൂടി ആകുമ്പോൾ ആയിരം കടക്കും. മുഴുവൻ കുടുംബാംഗങ്ങൾക്കും പനി വന്നാൽ സാധാരണക്കാർ കുത്തുപാളയെടുക്കേണ്ടി വരും.

ലക്ഷണങ്ങൾ ഇവ

നാലുദിവസത്തെ പനി

ഒരാഴ്ച നീളുന്ന തൊണ്ടവേദന

നാലാഴ്ച നീളുന്ന ചുമ

ജലദോഷം, ശ്വാസംമുട്ടൽ

പ്രതിരോധ ശേഷി കുറഞ്ഞു

പകൽ ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പൊടിക്കാറ്റും രാവിലെ മഞ്ഞും വീണ്ടും ശക്തമായ വെയിലും ചേർന്ന കാലാവസ്ഥാ മാറ്റമാണ് പനി പടരാൻ ഇടയാക്കുനന്ത്. കൊവിഡിന് ശേഷം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞതും പനി പടരാൻ കാരണമായി. പനി മാറിയാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ക്ഷീണം മൂലം പലർക്കും ഓഫീസിൽ ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. പനി ഭേദമായ കുട്ടികളും ക്ഷീണിതരായാണ് സ്കൂളുകളിലെത്തുന്നത്.

ഡോക്ടർ എബ്രഹാം തോമസ് പറയുന്നു.

ഇൻഫ്ലുവൻസ, റസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് വക ഭേദമാണ് പകർച്ച പനിക്ക് കാരണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ചാലും ചുമയും കുറുകലും മാറാൻ കാലത്താമസമെടുക്കും. കൊവിഡ് വന്നവർക്ക് നീണ്ടു നിൽക്കുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങൾ പ്രത്യേകതയാണ്. മരുന്നിനൊപ്പം വിശ്രമമാണ് അത്യാവശ്യം.